ഇൗശ്വരൻ ഇൗ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് എണ്ണമറ്റ ചരാചരങ്ങളാലാണ്. രൂപത്തിലും ഘടനയിലും ലക്ഷണത്തിലും സ്വഭാവത്തിലും ഗുണദോഷാദികളിലുമെല്ലാം വൈവിധ്യവും വൈരുദ്ധ്യവും പുലർത്തുന്ന ഇവകളെല്ലാം വെവ്വേറെ പേരുകളാൽ അറിയപ്പെടുന്നവയാണ്. ഇങ്ങനെ വേറുവേറായിരിക്കുന്നവയുടെ പേരുകൾ കേൾക്കുന്ന മാത്രയിൽത്തന്നെ അവയുടെ രൂപം, സ്വഭാവം, തുടങ്ങി ബാക്കിയുള്ളതെല്ലാം നമ്മുടെ മനസിൽ തെളിഞ്ഞുവരും. ഇൗ തെളിഞ്ഞുവരവിനാണ് പ്രതിഭയെന്ന് സാമാന്യാർത്ഥത്തിൽ പറയുന്നത്. ചിത്തത്തിനുതകുന്ന വികാരങ്ങളിൽ നിന്നാണ് പ്രതിഭ ഉണരുന്നത്. ഇപ്രകാരം പേരും പ്രതിഭയുമായി കൂടിക്കലർന്നു നിൽക്കുന്നതാണ് ഇൗ പ്രപഞ്ചം. ഇവിടെ പുറമേക്ക് കാണുന്നതെല്ലാം പിരിക്കത്തക്കതാണ്. ഒന്നായി കാണപ്പെടുന്ന ഒരു തുണിയെ പിരിച്ചാൽ അത് നൂലായും നൂല് പഞ്ഞിയായും പഞ്ഞി പരുത്തിയായും പരുത്തി ചെടിയായും ചെടി വിത്തായും മാറിമാറി വരും. ഒടുവിൽ പിരിക്കാനാവാത്തവിധം ഇത് ഒരറിവിൽ എത്തിനിൽക്കും. ഇൗ വിധം ഇൗ പ്രപഞ്ചത്തിലുള്ളവയെല്ലാം പിരിക്കത്തക്കതും ഒടുവിൽ പിരിക്കാനാവാത്ത വിധമുള്ള ഒരറിവിൽ എത്തിനിൽക്കുന്നതുമാണ്. ഇൗ സൂക്ഷ്മമായ അറിവിനാണ് പ്രമാണം എന്നുപറയുന്നത്. പ്രാമാണികമായ ഇൗ അറിവ് ഇരിക്കുന്നത് ഒരുവന്റെ പിരിക്കാനാവാത്ത ആന്തരിക പ്രകൃതിയിലാണ്. അതുകൊണ്ടാണ് സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവൻ പ്രമാണമാണെന്ന് ഗുരുദേവ തൃപ്പാദങ്ങൾ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തിയത്.
ഇന്ന് പ്രമാണമെന്നു പറഞ്ഞാൽ അത് കേൾക്കുന്നവൻ അർത്ഥമാക്കുന്നത് ഭൗതികമായ എന്തിന്റെയെങ്കിലും ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന ആധാരപത്രം എന്ന നിലയിലാണ്. വ്യവഹാരദശയിൽ മാത്രം നിലകൊള്ളുന്ന ഇൗ പ്രമാണത്തിന് ഗുരുദേവൻ ചൂണ്ടിക്കാണിച്ച പ്രമാണത്തിന്റെ പൊരുളുമായി യാതൊരു ബന്ധവുമില്ല. ഇന്ന് മതവും ഏതാണ്ട് ഇതുപോലെയായിത്തീർന്നിരിക്കുകയാണ്. യഥാർത്ഥത്തിലുള്ള മതപ്പൊരുളിനെ അറിയാതെ മതത്തിന്റെ പേരിൽ മാറിമാറി വരുന്ന ആചാരാനുഷ്ഠാനങ്ങളെയും സനാതനത്വമില്ലാത്ത വിശ്വാസങ്ങളെയും പ്രമാണമാക്കുന്നവരാണ് ഇന്നത്തെ മതാനുയായികളിലധികവും. ഇവരാണ് മതത്തിന്റെ പേരിൽ വേഗം പൊരുതാനൊരുങ്ങുന്നത്. ഇങ്ങനെ സൂക്ഷ്മമറിയാത്തവരിലൂടെ വളരുന്ന മതങ്ങൾക്ക് ഒരിക്കലും ഒരു സമൂഹത്തിൽ സനാതനമായ മൂല്യങ്ങളെയോ സ്വച്ഛതയെയോ സഹിഷ്ണുതയെയോ സൃഷ്ടിക്കാനാവുകയില്ല. കാരണം ഇത്തരക്കാരുടെ മതങ്ങൾ പേരും പ്രതിഭയുമായി കൂടിക്കലർന്ന് നിൽക്കുന്ന ഒരു വസ്തുവിനെപ്പോലെ പലതായി പിരിക്കാവുന്നതാണ്. അങ്ങനെ പിരിഞ്ഞു നിൽക്കുന്നവയാണ് മതവിശ്വാസങ്ങളും മതാചാരങ്ങളും മതാനുഷ്ഠാനങ്ങളും മതപ്രാർത്ഥനകളും മതപരമായ മറ്റുള്ളവയുമെല്ലാം. എന്നാൽ ഏത് മതത്തിന്റെയും പ്രമാണമായിരിക്കുന്ന പൊരുളിനെ പിരിക്കാവുന്നതല്ല. കാരണം അത് സനാതനമായ മൂല്യങ്ങളുടെ ഒരുറവയാണ്. ആ ഉറവയിൽ നിന്നും പിറവികൊള്ളുന്നവയാണ് ത്യാഗവും ക്ഷമയും സ്നേഹവും സാഹോദര്യവും അഹിംസയും അനുകമ്പയുമെല്ലാം തന്നെ. ഇവയെയൊന്നും പിരിക്കാനാവുന്നതല്ല. എന്തെന്നാൽ ത്യാഗത്തെ പിരിച്ചാൽ ത്യാഗവും സ്നേഹത്തെ പിരിച്ചാൽ സ്നേഹവും ക്ഷമയെ പിരിച്ചാൽ ക്ഷമയും അഹിംസയെ പിരിച്ചാൽ അഹിംസയുമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല എന്നതാണ്. അതായത് മൂല്യങ്ങളൊന്നും പിരിക്കത്തക്കതല്ലെന്നർത്ഥം. ഇപ്രകാരം പിരിക്കത്തക്കതല്ലാത്ത സനാതനമൂല്യങ്ങളുടെ ഭദ്രമായ ഉള്ളടക്കമാണ് ഒാരോ മതങ്ങളുടെയും പ്രമാണമായിരിക്കുന്നത്. ഇൗ ബോദ്ധ്യം വന്നവനെയാണ് സൂക്ഷ്മമറിഞ്ഞവൻ എന്ന് ഗുരുദേവൻ വിശേഷിപ്പിക്കുന്നത്. അവന് സ്നേഹമാണോ വലുത് ത്യാഗമാണോ വലുത് ക്ഷമയാണോ വലുത് അതല്ലെങ്കിൽ അഹിംസയാണോ ശ്രേഷ്ഠം എന്നിങ്ങനെയുള്ള യാതൊരു ആശങ്കയുമില്ല. ഇതിന്റെയെല്ലാം ഉള്ള് ഒന്നുതന്നെയെന്ന ബോദ്ധ്യമുറച്ചിട്ടുള്ള സൂക്ഷ്മമറിഞ്ഞവനായിരിക്കണം മതത്തിന് പ്രമാണമെന്ന ഗുരുവചനത്തിൽ സർവമതസാരവും ഏകമാണെന്നും അതിനാൽ മതങ്ങൾ പിരിക്കാനും പൊരുതാനും ഇടവരരുതെന്നുമുള്ള ഒരു മഹാസന്ദേശത്തിന്റെ മൗനപ്പൊരുളുണ്ട്.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല,
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം.
എന്ന് ആത്മോപദേശശതകത്തിലൂടെയും
മതാനി ജേതും ശക്യാനി ന വാദേന മിഥോ ബലാത്
പ്രമാദേന മതദ്വേഷീ വാദമാത്രേണ നശ്യതി
എന്ന് ശ്രീനാരായണധർമ്മത്തിലൂടെയും ഗുരു ലോകത്തിന് നൽകുന്നത്. വാഗ്വാദം കൊണ്ടും പൊരുതൽ കൊണ്ടും മതങ്ങളെ പരാജയപ്പെടുത്താനോ ജയിക്കാനോ സാദ്ധ്യമല്ലെന്നും പ്രമാദം കൊണ്ട് അന്യമതത്തെ ദുഷിക്കുന്നവൻ സ്വയം നശിച്ചു പോകുമെന്നുമുള്ള മുന്നറിയിപ്പാണ്.
ശാസ്ത്രത്തിന്റെ മുന്നേറ്റം സൃഷ്ടിക്കുന്ന നേട്ടങ്ങളെ ജീവിതത്തിന്റെ അഭ്യുന്നതിക്ക് ആധാരമാക്കുന്ന കാര്യത്തിൽ ഒരു മതവും ആർക്കും തടസമാകുന്നില്ല. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഇന്റർനെറ്റും മറ്റു സോഷ്യൽ നെറ്റ് വർക്കുകളും ഒക്കെത്തന്നെ ഉപയോഗിക്കുന്നതിൽ മതങ്ങൾ തടസമാകുന്നില്ലെന്നിരിക്കെ ജീവിതത്തിന്റെ ഭദ്രതയ്ക്കും ശാന്തിക്കും നിഃശ്രേയത്തിനും ആധാരമായിരിക്കെ ശാശ്വതമൂല്യങ്ങളെ പ്രകാശിപ്പിക്കുന്ന സർവമതങ്ങളുടെയും സാരസർവസ്വമായ ഏകപ്പൊരുളിനെ സ്വീകരിക്കുന്നതിൽ മതഭേദങ്ങൾ തടസമായിത്തീരുന്നത് എന്തുകൊണ്ടാണ്? മണ്ണും വെള്ളവും വായുവും അഗ്നിയും ആകാശവും എല്ലാ മതാനുയായികളും മതഭേദങ്ങൾ കൂടാതെയാണല്ലോ ഉപയോഗിക്കുന്നത്. വിത്തിറക്കുന്നവന്റെ മതം നോക്കിയിട്ടല്ലല്ലോ അതിന്റെ വിളവ് മനുഷ്യൻ അന്നമാക്കുന്നത്. ഇങ്ങനെ ജീവനെയും ശരീരത്തെയും നിലനിറുത്തുന്നതെല്ലാം അഭേദമായിരിക്കെ സർവമതങ്ങളുടെയും ഏകസാരത്തെ ജീവിതത്തിന് ആധാരമാക്കുന്നതിൽ എന്തിനാണ് മനുഷ്യൻ അമാന്തിക്കുന്നത്.
ഇതിന്റെയെല്ലാം ആന്തരികസത്ത അറിയാത്തവൻ മതത്തിന് പ്രമാണമായിത്തീർന്നാൽ മതപ്പോരുകൾ സുലഭമായിത്തീരുമെന്ന നിജസ്ഥിതിയിലേക്ക് നമ്മെ ഉയർത്തുന്നതാണ് ഗുരുദർശനം. അത് നുകരുവാനും പകരുവാനും ഗുരുജയന്തിയാഘോഷങ്ങളും ഗുരുസ്മൃതിയും വഴിയൊരുക്കട്ടെയെന്ന് ആശംസിക്കുന്നു.