physio

തിരുവനന്തപുരം: മരുന്നും പാർശ്വഫലവുമില്ലാത്ത ഫിസിയോതെറാപ്പിക്ക് സർക്കാർ അംഗീകാരവും പരിരക്ഷയും നൽകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് (ഐ.എ.പി)​ കേരളഘടകം സംഘടിപ്പിച്ച ലോക ഫിസിയോതെറാപ്പിസ്റ്റ്സ് ദിനാചരണം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഫിസിയോതെറാപ്പി ചികിത്സ ലഭ്യമാക്കുന്നതിന് സർക്കാർ തലത്തിൽ കൗൺസിലടക്കമുള്ള രജിസ്ട്രേഷൻ സംവിധാനം വേണം. പാലിയേറ്റീവ് മേഖലയിൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി,​ ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് വി.ആർ.പ്രതാപൻ,​ അഖിലകേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ഐ.എ.പി കേരളഘടകം പ്രസിഡന്റ് ശ്രീജിത്ത് എം.നമ്പൂതിരി,​ സെക്രട്ടറി ജിം ഗോപാലകൃഷ്ണൻ,​ ട്രഷറർ ബൈജു വി.ജയകുമാർ,​ ജില്ലാഭാരവാഹികളായ സോണി സുകുമാരൻ,​ ലിജിൻ,​ അജീഷ്,​ അക്കാഡമിക് കോർഡിനേറ്റർ ഹരി എം.കൃഷ്ണൻ,​ വിമെൻസ് സെൽ കോർഡിനേറ്റർ ജയശ്രീകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഫിസിയോതെറാപ്പി കുടുംബസംഗമവും ഓണാഘോഷവും സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പും നടന്നു.

ഫോട്ടോ: ലോക ഫിസിയോതെറാപ്പിസ്റ്റ്സ് ദിനാചരണം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പാലോട് രവി,​ വി.ശിവൻകുട്ടി,​ ആർ.പ്രതാപൻ,​​ ശ്രീജിത്ത് നമ്പൂതിരി,​ ജയശ്രീ കൃഷ്ണൻ തുടങ്ങിയവർ സമീപം