തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ വൈദ്യസഹായം ഉറപ്പാക്കുന്ന 108 ആംബുലൻസുകളിൽ ഇനി എമർജൻസി മെഡിസിൻ ടെക്‌നീഷ്യനായി വനിതാ നഴ്സുമാരെയും നിയമിക്കും. തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രം സേവനം നടത്തുന്ന 108 ആംബുലൻസുകൾ ഈമാസം 17 മുതൽ സംസ്ഥാന വ്യാപകമാക്കുന്നതോടെയാണ് വനിതാ നഴ്സുമാരെ നിയമിക്കുന്നത്. ഇതുവരെ പുരുഷ നഴ്സുമാരെ മാത്രമായിരുന്നു ആംബുലൻസുകളിൽ നിയമിച്ചിരുന്നത്.
സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി തെലങ്കാനയിലെ ജി.വി.കെ എമർജൻസി മാനേജ്മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പദ്ധതിയുടെ നിർവഹണ ചുമതല സർക്കാർ കൈമാറിയിരുന്നു. ഇവരാണ് വനിതകളെ നഴ്സുമായി നിയമിക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്തുടനീളം ആകെ 500നഴ്സുമാർ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ഇതുവരെ തിരഞ്ഞെടുത്ത 250 ൽ 120പേരും സ്ത്രീകളാണ്. ഇവർക്ക് ഒരാഴ്ച പ്രത്യേക പരിശീലനവും നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിൽ ആദ്യഘട്ട പരിശീലനം പൂർത്തിയായി.
ജോലി രണ്ട് ഷിഫ്റ്റിൽ, ശമ്പളം 21000രൂപ
108ൽ എമർജൻസി മെഡിസിൻ ടെക്‌നീഷ്യൻമാരായി കരാർ അടിസ്ഥാനത്തിൽ ജോലിനോക്കാൻ താത്പര്യമുള്ളവർ ടെക്നോപാർക്കിലെ ജി.വി.കെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസിൽ നേരിട്ട് പേര് രജിസ്റ്രർ ചെയ്യണം. ബി.എസ്.സി, ജനറൽ നഴ്സിംഗ് യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. 21000രൂപയാണ് പ്രതിമാസ ശമ്പളം. രാവിലെയും രാത്രിയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി. ആദ്യഘട്ടത്തിൽ സ്ത്രീകളെ പകൽ സമയത്ത് മാത്രമാകും നിയോഗിക്കുക.
ആശുപത്രിയിലെത്തിക്കുന്ന രോഗിയുടെ വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താൻ ഇവർക്ക് പ്രത്യേക മൊബൈൽ ഫോണും നൽകും. കാൾവന്ന സമയം, സംഭവസ്ഥലത്ത് എത്തിയത് എപ്പോൾ, എത്രസമയത്തിനുള്ളിൽ ആശുപത്രിയിലെത്തി തുടങ്ങിയ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തണം. ഇതിനായി പ്രത്യേക ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്.
'നഴ്സുമാരുടെ നിയമന നടപടികൾ പുരോഗമിക്കുകയാണ്. യോഗ്യരായ സ്ത്രീകൾക്കും പുരുഷൻമാർക്കും ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.'
-എ.ശരവണൻ
കേരള ഹെഡ്,
ജി.വി.കെ എമർജൻസി മാനേജ്മെന്റ്
ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്