തിരുവനന്തപുരം: കെ.എ.എസ്. ഉൾപ്പെടെയുള്ള തൊഴിൽ പരീക്ഷകൾ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരം പതിനൊന്നാം ദിവസം പിന്നിട്ടു. ആരോഗ്യനില വഷളായതിനെ തുടർന്ന് മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.പി. പ്രിയേഷിനെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചുവന്ന എസ്.ആർ. ശ്രേയയെയും ശനിയാഴ്ച രാത്രി വൈകി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വിദ്യാർത്ഥി മലയാളവേദിയുടെ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് സർവകലാശാലാ ഗവേഷക വിദ്യാർത്ഥിയുമായ പി.സുഭാഷ് കുമാർ നിരാഹാര സമരം ആരംഭിച്ചു.
സംയുക്ത സമരസമിതി ജോയിന്റ് കൺവീനർ ആർ.അജയൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജോയിന്റ് സെക്രട്ടറി ബി.രമേഷ്, ആർ.നന്ദകുമാർ, കെ.എം.ഭരതൻ, സുബൈർ അരിക്കുളം, മലയാള സർവകലാശാല അദ്ധ്യാപക സംഘടനാ സെക്രട്ടറിയായ കെ.വി.ശശി, മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവിക്കായുള്ള വിദഗ്ദ്ധസമിതി അംഗമായിരുന്ന പ്രൊഫ.എം.ശ്രീനാഥൻ, കുരീപ്പുഴ ശ്രീകുമാർ, എം.ആർ. തമ്പാൻ, ആലപ്പാട് കരിമണൽ ഖനനവിരുദ്ധ ജനകീയ സമിതി കൺവീനർ കാർത്തിക് ശശി, മലയാളം പള്ളിക്കൂടം ഡയറക്ടർ വട്ടപ്പറമ്പിൽ പീതാംബരൻ, പു.ക.സ. മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് പുതുക്കാട്, സലിം അഞ്ചൽ തുടങ്ങിയവർ സംസാരിച്ചു.
അടൂർ ഗോപാലകൃഷ്ണൻ തിരുവോണ നാളിൽ ഉപവസിക്കും
തിരുവനന്തപുരം: തിരുവോണ നാളിൽ സമരക്കാരോടൊപ്പം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ ഉപവസിക്കും. കവികളായ റഫീക്ക് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, പി.രാമൻ, ഡി.യേശുദാസ്, വിനോദ് വൈശാഖി തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് സാംസ്കാരികപ്രവർത്തകർ ഉത്രാടം, തിരുവോണം ദിനങ്ങളിൽ സമരത്തോടൊപ്പം തിരുവനന്തപുരത്ത് ചേരും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തിരുവോണത്തിന് ഉപവാസ സമരം നടത്താൻ സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
അടൂരിനൊപ്പം വി.മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, എം.ആർ. തമ്പാൻ തുടങ്ങിയവരും ഉപവാസമിരിക്കും. സുഗതകുമാരി, എം.കെ. സാനു, ഷാജി എൻ.കരുൺ, സി.രാധാകൃഷ്ണൻ, ബി.രാജീവൻ, ജോർജ് ഇരുമ്പയം, വി.ആർ. പ്രബോധചന്ദ്രൻ നായർ, ബി.രാജകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.പി.വേണുഗോപാലൻ തുടങ്ങിയവർ വീട്ടിൽ ഉപവസിക്കും.