mfacbuss

മുടപുരം : നാട്ടുകാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അഴൂർ മുട്ടപ്പലം എം.എഫ്.എ.സി ജംഗ്ഷൻ (പൊടിയന്റെ മുക്ക്) വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. ചിറയിൻകീഴ്, അഴൂർ, എം.എഫ്.എ.സി ജംഗ്‌ഷൻ, മുട്ടപ്പലം, ശാസ്തവട്ടം വഴി തിരുവനന്തപുരം റൂട്ടിലേക്കാണ് സർവീസ് തുടങ്ങിയത്. ചിറയിൻകീഴ് നിന്നും ശാർക്കര, മഞ്ചാടിമൂട് റെയിൽവേ ഗേറ്റുകൾ കടന്നു വരുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടവും റോഡിന്റെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് നേരത്തെ ബസ് സർവീസുകൾ നിറുത്തലാക്കിയത്. എന്നാൽ ഇപ്പോൾ രണ്ട് റെയിൽവേ ഗേറ്റുകളും ഒഴിവാക്കിക്കൊണ്ട് ചിറയിൻകീഴ് പുതിയ ബൈപാസ് നിർമ്മിക്കുകയും കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഈ റോഡ് റീടാർ ചെയ്യുകയും ചെയ്തപ്പോൾ തടസങ്ങൾ എല്ലാം മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എം.എഫ്.എ.സി ജംഗ്ഷനിൽ നടന്ന സ്വീകരണ ചടങ്ങിൽ അഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ, മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാൽ, വൈസ് പ്രസിഡന്റ് ആർ.വിജയൻ തമ്പി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എസ്.കുമാർ, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി എച്ച്.അനീഷ് തുടങ്ങിയവർ പങ്കെടുത്തു. വർഷങ്ങൾക്ക് മുൻപ് തന്നെ മുട്ടപ്പലം എം.എഫ്.എ.സി.ജംഗ്‌ഷൻ വഴിയുള്ള കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസ് സർവീസ് നിലച്ചിരുന്നു. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതുവഴി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരം ഉള്ള പത്ര വാർത്തയും, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നിവേദനങ്ങളും മൂലമാണ് ഇതുവഴി ബസ് സർവീസ് പുനരാരംഭിച്ചത്. സ്ഥലം എം.എൽ.എയായ ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ ശക്തമായ ഇടപെടലും ബസ് സർവീസ് പുനരാരംഭിക്കാൻ കാരണമായി.