sap

തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപം അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ക്യാമ്പിലെ സീനിയർ സി.പി.ഒ കൃഷ്‌ണമൂർത്തിക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തു. കൃഷ്‌ണമൂർത്തി ഓടിച്ച കാർ ഹോംഗാർഡായ അനിൽകുമാറിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കൃഷ്ണമൂർത്തി കാറിൽനിന്നു ഇറങ്ങിയോടി. കാലിന് പരിക്കേറ്റ അനിൽകുമാറിനെ മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെത്തിയ പേരൂർക്കട പൊലീസ് രാത്രിതന്നെ കാർ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇന്നലെയാണ് കാറോടിച്ചത് എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്. അനിൽകുമാറിന് പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.