general

ബാലരാമപുരം: ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്,​ ഗ്രാമപഞ്ചായത്ത്,​ ട്രിവാൻഡ്രം സ്പിന്നിംഗ്‌മിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്പിന്നിംഗ്‌മിൽ വളപ്പിൽ സുരക്ഷിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം നടന്നു. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്പിന്നിംഗ്‌മിൽ വളപ്പിൽ അഞ്ചേക്കറിലാണ് ജൈവപച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്. 1959ൽ സ്പിന്നിംഗ്‌മിൽ സ്ഥാപിച്ചതിനുശേഷം എക്കറോളം വരുന്ന കോമ്പൗണ്ട് തരിശ് ഭൂമിയായി ഉപയോഗശൂന്യമായനിലയിലായിരുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിൽ ജൈവകൃഷിയിറക്കിയത്. നീർത്തടത്തിന്റെ സമഗ്ര പരിപാലനത്തിനുതകുന്ന കോണ്ടൂർ ട്രഞ്ചുകൾതിരിക്കൽ,​ തട്ടുകളാക്കൽ,​ ബണ്ട് നിർമ്മാണം എന്ന പദ്ധതിയിലുൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് തുക മാറ്റിവച്ചപ്പോൾ ഒപ്പം ചേരാൻ പൊതുനന്മാ ഫണ്ടിൽ നിന്നും ധനം വിനിയോഗിച്ച് ബാലരാമപുരം ബാങ്ക് രംഗത്തെത്തിയപ്പോൾ കൈത്തറിയുടെ നാട്ടിൽ കാർഷിക അഭിവൃദ്ധിക്ക് തുടക്കം കുറിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി 271 തൊഴിലാളികൾക്ക് 1791 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി. പഞ്ചായത്ത് ഹരിതസമൃദ്ധി കർമ്മസേനയും വെള്ളായണി കാർഷിക സർവകലാശാലയും സാങ്കേതിക സഹായം നൽകി. ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ വിളവെടുക്കുന്ന ദിവസം തന്നെ വിറ്റഴിക്കാനുള്ള വിപണകേന്ദ്രവും ശാഖയുടെ മെയിൻ ബ്രാഞ്ചിൽ ആരംഭിച്ചു. വിളവെടുപ്പുത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്പിന്നിംഗ്‌മിൽ ചെയർമാൻ എം.എം. ബഷീർ,​ സി.പി.എം നേമം ഏരിയ കമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,​ വൈസ് പ്രസിഡന്റ് ആർ. ഷാമിലാബീവി,​ സി.പി.എം ഏരിയാ നേതാക്കളായ ബാലരാമപുരം കബീർ,​ ജി. വസുന്ധരൻ,​ ആർ. പ്രദീപ്കുമാർ,​ എസ്. രാധാകൃഷ്ണൻ,​ സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രെഡറിക് ഷാജി,​ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് പ്രതാപചന്ദ്രൻ സ്വാഗതവും സെക്രട്ടറി ജാഫർഖാൻ നന്ദിയും പറഞ്ഞു.