തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന ശേഖരണാർത്ഥം പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനും കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാർട്ടൂൺ ക്ലബ് ഒഫ് കേരളയും തിരുവനന്തപുരത്തെ മുൻനിര ലൈഫ്സ്റ്റൈൽ സ്റ്റോറായ സ്റ്റൈൽ പ്ലസുമായി സഹകരിച്ചുകൊണ്ട് 'ആർട്ട് ഇൻ നീഡ് ഈസ് ആർട്ട് ഇൻഡീഡ്' എന്ന ലൈവ് കാരിക്കേച്ചർ ഷോ സംഘടിപ്പിച്ചു. ദേവസ്വം ബോർഡ് ജംഗ്ഷനു സമീപമുള്ള സ്റ്റൈൽ പ്ലസ് സ്റ്റോറിലാണ് ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ കാരിക്കേച്ചർ രചന നടന്നത്. ഈ പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷന്റെ ചീഫ് കോഓർഡിനേറ്റർ സനു സത്യൻ അറിയിച്ചു.
പ്രശസ്ത കാർട്ടൂണിസ്റ്റും കേരള കാർട്ടൂൺ അക്കാഡമി മുൻ വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ, പ്രശസ്ത ചിത്രകാരൻ ഹസ്സൻ കോട്ടെപ്പറമ്പിൽ, പ്രിൻസ് കാർട്ടൂണിസ്റ്റ് എന്നിവരാണ് നിമിഷ വേഗത്തിൽ സ്പീഡ് കാരിക്കേച്ചർ വരച്ചു നൽകിയത്. വിവിധ മേഖലകളിലെ നിരവധി പ്രമുഖർ കലാവേദിയായ സ്റ്റൈൽ പ്ലസ് സ്റ്റോറിൽ എത്തിച്ചേർന്നു.
ഫോട്ടോ---സ്റ്റൈൽ പ്ലസിൽ നടന്ന ലൈവ് കാരിക്കേച്ചർ ഷോയിൽ നിന്ന്