mot
കേരളകൗമുദി 7ന് പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം : കേന്ദ്ര ഗതാഗതനിയമത്തിന്റെ പേരിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് ജനത്തെ കൊള്ളയടിക്കുന്ന പിഴ ഈടാക്കലിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തിൽ നടപ്പാക്കിയത് ശക്തമായ ജനരോഷത്തിന് ഇടയാക്കിയതിനെ തുടർന്നാണിത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകും.

നിസാര പിഴവുകൾക്ക് പോലും പത്ത് മടങ്ങ് പിഴയാണ് കേന്ദ്രനിയമത്തിലുള്ളത്. ഇതിന്റെ പേരിൽ ജനത്തെ റോഡിൽ ത‌ടഞ്ഞു നിറുത്തി പോക്കറ്റടിക്കുന്ന മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള ശക്തമായ ജനവികാരം 'കേരളകൗമുദി'യാണ് അധികൃതരുടെ ശ്രദ്ധയിൽ ആദ്യം കൊണ്ടു വന്നത്. 'വാഹന പിഴത്തുക:കൊള്ളയടിക്ക് കേന്ദ്രത്തിന് കൂട്ടായി കേരളവും' എന്ന തലക്കെട്ടിൽ സെപ്‌റ്റംബർ ഏഴിന് പ്രസിദ്ധീകരിച്ച വാർത്ത സജീവമായ ചർച്ചയ്‌ക്ക് ഇടയാക്കി. അന്നു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ച് ഗതാഗത വകുപ്പിനെതിരെയുള്ള പരാതികൾ അദ്ദേഹം തന്നെ അറിയിച്ചു. ഓണക്കാലത്ത് വാഹന പരിശോധനയുടെ പേരിൽ ജനത്തെ പിഴിയരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂടി ഗതാഗതവകുപ്പിനെതിരെ രംഗത്തെത്തിയതോടെ സർക്കാർ പുനരാലോചനയ്‌ക്ക് നിർബന്ധിതമായി. നിയമവകുപ്പിന്റെ ഉപദേശം തേടിയ ശേഷം കൂറ്റൻ പിഴയീടാക്കൽ സർക്കാർ ഒഴിവാക്കും. അതു തന്നെയാണ് സി.പി.എമ്മിന്റെ ആവശ്യവും. അന്യായമായ പിഴയീടാക്കലിനെതിരെ ആട്ടോ, ലോറി തൊഴിലാളികളടക്കമുള്ള സി.ഐ.ടി.യു സംഘടനകൾ സി.പി.എം നേതൃത്വത്തെ സമീപിച്ചിരുന്നു.

നിയമം നടപ്പാക്കുന്നതിന് മുമ്പ് ഗതാഗതവകുപ്പ് ഗൃഹപാഠം നടത്തിയില്ല എന്ന വിമർശനവും സി.പി.എം നേതൃത്വത്തിനുണ്ട്. അപകടങ്ങൾ കുറയ്‌ക്കാനാകണം നിയമങ്ങൾ. കേന്ദ്രം അപ്രായോഗികമായ പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറൽ ഘടന തകർക്കുകയാണ്. ഈ നിയമത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന്റെ ചുമതലയായതിനാൽ എതിർപ്പ് സർക്കാരിനോടാകുന്നുവെന്നുമാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.

കൊച്ചിയിലെ കുണ്ടന്നൂരിലും വൈറ്റിലയിലും വൻഗതാഗതക്കുരുക്കും, നഗരത്തിലെ വൻ കുഴികളും, സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയും സർക്കാരിനെതിരെ ജനരോഷം ശക്തമാക്കിയിട്ടുണ്ട്. അതിന്റെ കൂടെ മോട്ടോർ വാഹനനിയമ ഭേദഗതി കർശനമാക്കി ജനത്തിന്റെ പോക്കറ്റടിക്കുകയും ചെയ്‌താൽ എതിർപ്പ് ആളിക്കത്തും. അതും കണക്കിലെടുത്താണ് പിൻവാങ്ങൽ.

''വൻ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് നിയമഭേദഗതി. പിഴത്തുക കൂടുമ്പോൾ പതിനായിരം രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൊടുത്ത് ആളുകൾ ഊരിപ്പോകാൻ നോക്കും. അപ്പോൾ ആ പണം ആർക്ക് പോയി? സർക്കാരിന് കിട്ടുന്നില്ല. അഴിമതിക്ക് കളമൊരുങ്ങുകയും ചെയ്യുന്നു. ഇതിൽ എന്തു ചെയ്യാമെന്ന് ഗതാഗതവകുപ്പ് പരിശോധിക്കണം''

- കോടിയേരി ബാലകകൃഷ്ണൻ

സി.പി.എം സംസ്ഥാന സെക്രട്ടറി

''സർക്കാർ ശരിായായ തീരുമാനം ഉടനെടുക്കും. ജനത്തെ ദ്രോഹിക്കാൻ ഗതാഗതവകുപ്പിന് ഉദ്ദേശ്യമില്ല. ഇതു സംബന്ധിച്ച എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും''

- എ.കെ.ശശീന്ദ്രൻ

ഗതാഗതമന്ത്രി