നേമം: കരമനയിലെ ബാറിനു മുന്നിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ആളുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ വലിയശാല സ്വദേശി ശങ്കർ (33) കരമനയിലെ ബാറിലെത്തി. മദ്യപിച്ചശേഷം ബിയറുകുപ്പിയുമായി ബാറിന് പുറത്തിറങ്ങിയ ശങ്കർ അവിടെവച്ച് പരിചയക്കാരായ രണ്ട് യുവാക്കളെ കണ്ടു. മുൻ വൈരാഗ്യത്തിന്റെ പേരിൽ ഇവർ ശങ്കറുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഇവരെ തട്ടി മാറ്റിയ ശേഷം ശങ്കർ കടന്നു പോവുകയുമായിരുന്നു. ഇതിനുശേഷം അരിശം കൊണ്ട സംഘത്തിലൊരാൾ ശങ്കറിനെ പിൻതുടരുകയും കരമന സി.എ.ടി റോഡിൽ വച്ച് ശങ്കറിനെ തടഞ്ഞുനിറുത്തി കൈവശമുണ്ടായിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു. സംഭവശേഷം പ്രതി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് കരമന പൊലീസ് എത്തിയാണ് ശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറി ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബാറിനു സമീപത്തെ സി.സി. ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളുടെ ഏകദേശ രൂപം പൊലീസിന് മനസിലായത്. മലയം സ്വദേശിയായ യുവാവാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.