കേരളത്തിന്റെ തനത് മത്സ്യമായ മിസ് കേരള, ഭാഗ്യ മത്സ്യം എന്ന് വിഷേഷിപ്പിക്കുന്ന ഫ്ലവർ ഹോൺ, ഗോസ്റ്റ് ഫിഷ്, ഫ്രഷ് വാട്ടർ ഷാർക്ക്, അരോണ, അലിഗേറ്റർഗാർ, സ്ക്യാമ്പി.റെഡ് തിലാപ്പിയ, സിക്ലിടുകൾ, ഗൗരാമീനുകൾ, ടിൻഫോയിൽ, ടെക്സാസ്, വാക്കിംഗ് ക്യാറ്റ് ഫിഷ്, ആരൽ, നെടുമീൻ വരാൽ, ആറ്റുവാള, ഈൽ, തുടങ്ങിയ ശുദ്ധജല മത്സ്യങ്ങൾ സഞ്ചാരികളുടെ മനം കവരും. ഇതിന് പുറമേ ഓരുജലത്തിൽ വസിക്കുന്ന ടെറപൊൻ, ഡൈമൻഡ് ഫിഷ് തുടങ്ങി തദ്ദേശീയവും വിദേശീയവുമായ വിവിധയിനം മത്സ്യങ്ങളെപ്പറ്റിയുള്ള അറിവും ഇവിടെ നിന്നും ലഭിക്കും. കൂടാതെ മത്സ്യ കൃഷിയ്ക്ക് താത്പര്യമുള്ളവർക്ക് ഗ്ലാസ് ടാങ്കുകൾ, അക്വേറിയം അക്സസറീസ്, ഫിഷ് ബൗളുകൾ തുടങ്ങിയവ വാങ്ങുകയും ചെയ്യാം.
ഫിഷറീസ് വകുപ്പിന്റെ കേരളാ ജലകൃഷി വികസന ഏജൻസി(അഡാക്ക്) യുടെ മേൽനോട്ടത്തിലാണ് അക്വേറിയം പ്രവർത്തിക്കുന്നത്. തലസ്ഥാന നഗരിയിൽ നിന്നും അക്വേറിയത്തിലെത്താൻ 30 കിലോമീറ്റർ ദൂരമുണ്ട്.
മുതിർന്നവർക്ക് 30രൂപയും കുട്ടികൾക്ക് 15 രൂപയും പ്രീപ്രൈമറി കുട്ടികൾക്ക് 5 രൂപയും 6 മുതൽ 10ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സഞ്ചാരികൾക്ക് മനം കവരുന്ന തരത്തിൽ ഇക്കുറി സഞ്ചാരികളെ വരവേല്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അക്വേറിയം മാനേജർ അറിയിച്ചു.