തിരുവനന്തപുരം: ഓണത്തിന് റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന സ്പെഷ്യൽ പഞ്ചസാരയും സപ്ലൈകോ വഴി മുൻഗണനാ വിഭാഗത്തിന് നൽകിയിരുന്ന ഓണക്കിറ്റും ഇത്തവണ ഇല്ല. ഇതിന് തുക അനുവദിക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ അഭ്യർത്ഥന ധന വകുപ്പ് നിഷേധിച്ചു. 35 വർഷമായി ഓണത്തിന് നൽകിവന്നിരുന്ന സ്പെഷ്യൽ റേഷൻ പഞ്ചസാര വിതരണമാണ് ഇതോടെ മുടങ്ങുക.
സൗജന്യ നിരക്കിലുള്ള പഞ്ചസാര വിതരണത്തിനും മറ്റുമായി 16 കോടി രൂപയാണ് വേണ്ടത്. രണ്ടു പ്രളയം പിന്നിട്ട സംസ്ഥാന സർക്കാരിന് ഈ തുക അനുവദിക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. പണമില്ലാത്തതിനാൽ സപ്ളൈകോ ജീവനക്കർക്ക് നൽകിയിരുന്ന സൗജന്യ കിറ്റും നിഷേധിച്ചു. സ്ഥിരം ജീവനക്കാർക്ക് 3000 രൂപയുടെയും താത്കാലിക ജീവനക്കാർക്ക് 2000 രൂപയുടെയും കിറ്റാണ് നൽകി വന്നിരുന്നത്. സപ്ളൈകോ, കൺസ്യൂമർ ഫെഡ് ഓണം മേളകളിൽ കിലോയ്ക്ക് 22 രൂപ നിരക്കിൽ പഞ്ചസാര ലഭിക്കുന്ന അവസരം ഗുണഭോക്താക്കൾ പ്രയോജനപ്പെടുത്തണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ അഭ്യർത്ഥന.