bianca-andreescu-u-s-open
bianca andreescu u s open

കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്ക്യൂവിന് യു.എസ് ഒാപ്പൺ സിംഗിൾസ് വനിതാ കിരീടം

19 കാരിയായ ബിയാങ്ക ഫൈനലിൽ വീഴ്ത്തിയത് 37 കാരിയായ സെറീന വില്യംസിനെ

. ഗ്രാൻസ്ളാം കിരീടം നേടുന്ന ആദ്യ കനേഡിയൻ താരം.

ന്യൂയോർക്ക്: തുടർച്ചയായ രണ്ടാംവർഷവും ഫ്ളാഷിംഗ് മെഡോസിൽ സെറീന വില്യംസിന്റെ കിരീട സ്വപ്നങ്ങളെ ഫൈനലിൽ തച്ചുടച്ച് യുവ താരോദയം. 24 ഗ്രാൻസ്ളാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ ആൾ ടൈം റെക്കാഡിനൊപ്പമെത്താൻ കൊതിച്ചിറങ്ങിയ 37 കാരി സെറീനയെ കഴിഞ്ഞരാത്രി നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത് കനേഡിയൻ കൗമാരതാരം ബിയാങ്ക ആന്ദ്രീസ് ക്യൂവാണ്. 19-ാം വയസിൽ തന്റെ കന്നി ഗ്രാൻസ്ളാം ഫൈനലിനിറങ്ങിയ ബിയാങ്ക ചരിത്ര പുസ്തകത്തിൽ തന്റെയും രാജ്യത്തിന്റെയും പേര് തങ്കലിപികളിൽ എഴുതിയശേഷമാണ് യു.എസ്. ഒാപ്പൺ വനിതാ സിംഗിൾസ് കിരീടം ഏറ്റുവാങ്ങിയത്. ഗ്രാൻസ്ളാം കിരീടം നേടുന്ന ആദ്യ കനേഡിയൻ താരമെന്ന അവിസ്മരണീയ നേട്ടം.

കഴിഞ്ഞവർഷം ക്വാളിഫയിംഗ് റൗണ്ടിലെ ആദ്യമത്സരത്തിൽ തന്നെ തോറ്റുപുറത്തായിരുന്ന ബിയാങ്ക ഇത്തവണ അത്‌ഭുത പ്രകടനത്തിലൂടെ വനിതാ ടെന്നിസിന്റെ ഭാവി തന്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ യു.എസ് ഒാപ്പൺ ഫൈനലിൽ നവോമി ഒസാക്കയെന്ന ജാപ്പനീസ് താരോദയത്തിന് മുന്നിൽ അടിപതറി ചെയർ അമ്പയറോടുപോലും കയർത്ത സെറീന ഇത്തവണ ബിയാങ്കയുടെ കൈക്കരുത്തിന് മുന്നിൽ പഴയകാര്യം മറന്നുപോവുകയായിരുന്നു. ഒരു മണിക്കൂർ 40 മിനിട്ട് നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബിയാങ്കയുടെ വിജയം. ആദ്യസെറ്റ് നിഷ്‌പ്രയാസം തന്നിൽനിന്ന് തട്ടിയെടുത്ത ബിയാങ്കയ്ക്കെതിരെ രണ്ടാംസെറ്റിൽ സെറീന ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 6-3, 7-5 എന്ന സ്കോറിനായിരുന്നു ബിയാങ്കയുടെ വിജയം.

ആദ്യസെറ്റിൽ തുടർച്ചയായി സർവുകൾ ബ്രേക്ക് ചെയ്ത ബിയാങ്ക രണ്ടാംസെറ്റിൽ 5-1ന് ലീഡ് ചെയ്തിരുന്നു. മാച്ച് പോയിന്റായി സർവ് ചെയ്ത ബിയാങ്കയെ ബ്രേക്ക് ചെയ്ത സെറീന പിന്നീട് തുടർച്ചയായി നാല് പോയിന്റുകൾ നേടി 5-5 എന്ന നിലയിലാക്കിയപ്പോൾ കളി ഉദ്വേഗഭരിതമായി. എന്നാൽ തുടർച്ചയായി രണ്ട് ഗെയിം പോയിന്റുകൾ ബിയാങ്കയ്ക്ക് നേടാനായതോടെ കനേഡിയൻ റാണിയുടെ വിജയകഥയ്ക്ക് തിരശീല ഉയർന്നു.

1999

ൽ സെറീന വില്യംസ് തന്റെ ആദ്യഗ്രാൻസ്ളാം കിരീടം സ്വന്തമാക്കുമ്പോൾ ബിയാങ്ക ജനിച്ചിട്ടില്ല. 99 ലെ ഫ്രഞ്ച് ഒാപ്പണും യു.എസ് ഒാപ്പണും സ്വന്തമാക്കിയത് സെറീനയായിരുന്നു.

19

വയസുള്ള ബിയാങ്ക 2006 ൽ മരിയ ഷറപ്പോവയ്ക്കുശേഷം കൗമാര പ്രായത്തിൽ യു.എസ് ഒാപ്പൺ സ്വന്തമാക്കുന്ന ആദ്യ വനിതയാണ്.

4

പ്രസവത്തിന് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഏഴ് ഗ്രാൻസ്ളാമുകളിൽ നാലിലും റണ്ണർ അപ്പാകാൻ സെറീനയ്ക്ക് കഴിഞ്ഞു. ഇക്കാലയളവിൽ ഒരു കിരീടം പോലും നേടാൻ സെറീനയ്ക്ക് കഴിഞ്ഞിട്ടില്ല.

23

കഴിഞ്ഞ രണ്ടുവർഷമായി 23 ഗ്രാൻസ്ളാം കിരീടങ്ങളിൽ എത്തിനിൽക്കുകയാണ് സെറീന. 24 ഗ്രാൻസ്ളാമുകൾ നേടിയിട്ടുള്ള മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിനൊപ്പമെത്താനാണ് സെറീനയുടെ ശ്രമം.

33

തന്റെ കരിയറിലെ 33-ാം ഗ്രാൻസ്ളാം ഫൈനലിലാണ് സെറീന കളിച്ചത്. ബിയാങ്കയുടെ ആദ്യ ഗ്രാൻസ്ളാം ഫൈനലായിരുന്നു ഇത്.

2-0

ഇത് രണ്ടാം തവണയാണ് ബിയാങ്കയും സെറീനയും ഏറ്റുമുട്ടിയത്. രണ്ടുതവണയും ജയം ബിയാങ്കയ്ക്ക് കഴിഞ്ഞമാസം ടൊറന്റോ കപ്പിൽ ഫൈനലിനിടെ സെറീന പരിക്കേറ്റ് പിന്മാറുകയായിരുന്നു.

1

1968 നുശേഷം മെയിൻ ഡ്രോയിലൂടെ യു.എസ് ഒാപ്പണിനിറങ്ങിയ ആദ്യവർഷംതന്നെ കിരീടം നേടുന്ന ആദ്യ താരമാണ് ബിയാങ്ക. കഴിഞ്ഞവർഷം ക്വാളിഫയിംഗ് റൗണ്ടിലെ ആദ്യമത്സരത്തിൽ തോറ്റ് പുറത്താവുകയായിരുന്നു.

ബിയാങ്ക

33-17

ഇന്നലെ സെറീന വരുത്തിയത് 33 അൺഫോഴ്സസ് എററുകളാണ്. ബിയാങ്ക വെറും 17 എണ്ണം മാത്രവും.

ഇത്തവണ ഫൈനലിസ്റ്റുകൾ തമ്മിൽ 20 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. ഗ്രാൻസ്ളാം ഫൈനലിൽ ഇത്രയും പ്രായവ്യത്യാസമുള്ളവർ കളിക്കുന്നത് ഇതാദ്യമാണ്.

ഒരു ഗ്രാൻസ്ളാം ഫൈനലിൽ സെറീനയ്ക്കെതിരെ കളിക്കാൻ കഴിഞ്ഞതുതന്നെ വലിയ കാര്യമാണ്. സെറീന വിരമിക്കുന്നതിന് മുമ്പ് ഗ്രാൻസ്ളാമിൽ അവർക്കെതിരെ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഫൈനലിലെ വിജയം ഒട്ടും എളുപ്പമായിരുന്നില്ല. അതിശക്തയായ എതിരാളിയാണ് സെറീന.

ബിയാങ്ക ആന്ദ്രീസ്‌ക്യൂ.

ബിയാങ്ക വളരെ മികച്ച കളിക്കാരിയാണ്. വനിതാ ടെന്നിസിന്റെ ഭാവി പ്രതീക്ഷയാണവൾ. എന്റെ ഇൗ ഫൈനൽ തോൽവിക്ക് പറഞ്ഞൊഴിയാൻ കാരണങ്ങളില്ല. അത്രയും മികച്ച പ്രകടനമാണ് ബിയാങ്ക കാഴ്ചവച്ചത്.

സെറീന വില്യംസ്