തിരുവനന്തപുരം: നഗരത്തെ ഉത്സവ ലഹരിയിലാഴ്ത്തുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നിൽ കൊടിയേറി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓണപ്പതാക ഉയർത്തി. ഈ ഓണം അതിജീവനത്തിന്റെ ആഘോഷമാണെന്നും പ്രളയവും മഴക്കെടുതിയുമുണ്ടാക്കിയ ആഘാതത്തെ അതിജീവിക്കാൻ ഓണാഘോഷത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഓണം വാരാഘോഷത്തോടനുബന്ധിച്ചുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 'ഓണം വാരാഘോഷം 2019 'എന്ന പേരിൽ ഫെയ്സ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ഐ.ബി സതീഷ് എം.എൽ.എ, ടൂറിസം സെക്രട്ടറി റാണി ജോർജ്, പി.ആർ.ഡി ഡയറക്ടർ യു.വി ജോസ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് വൈകിട്ട് നടക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം സി.കെ. ഹരീന്ദ്രൻ എം.എൽ.എയും ഭക്ഷ്യമേളയുടെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എയും നിർവഹിക്കും.
ഓണം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ വൈകിട്ട് 6ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഓണ സന്ദേശം നൽകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും. മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീർത്തി സുരേഷ്, നടൻ ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് കെ.എസ്. ചിത്ര നയിക്കുന്ന സംഗീതനിശ അരങ്ങേറും.
കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ, ആധുനിക കലകൾ, സംഗീത-ദൃശ്യ വിരുന്ന്, ആയോധന കലാ പ്രകടനങ്ങൾ തുടങ്ങിയവയും ഓണം വാരാഘോഷത്തിന്റെ മാറ്റ് കൂട്ടും. 29 വേദികളിലാണ് കലാപരിപാടികൾ നടക്കുക. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാരന്മാർ അണിനിരക്കും.
പിന്നണി ഗായകരായ എം.ജി ശ്രീകുമാർ, വിധു പ്രതാപ്, സുധീപ് കുമാർ, റിമി ടോമി, ജ്യോത്സ്ന, കാർത്തിക്, ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, ഉണ്ണി മേനോൻ, രമേഷ് നാരായണൻ, മാർക്കോസ്, ജാസി ഗിഫ്റ്റ്, മൃദുല വാര്യർ, കാവാലം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകുന്ന സംഗീത വിരുന്നും ആശാ ശരത്ത്, നവ്യ നായർ എന്നിവർ അവതരിപ്പിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും.14ന് വൈകിട്ട് 6ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയാണ് മറ്റൊരു പ്രധാന ആകർഷണം. 16ന് രാവിലെ കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന ടൂറിസം കോൺക്ലേവിൽ മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാർ പങ്കെടുക്കും. വൈകിട്ട് 5ന് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷം സമാപിക്കും.