കോവളം: എ.ഐ.ടി.യു.സി ഓഫീസിൽ പ്രവേശിക്കാൻ സി.പി.ഐ നേതാക്കൾക്ക് സുരക്ഷയൊരുക്കണമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെ പ്രവർത്തനം പുനരാരംഭിച്ച എ.ഐ.ടി.യു.സി ഓഫീസ് സി.പി.എം - സി.പി.ഐ സംഘർഷ സാദ്ധ്യതയെ തുടർന്ന് വീണ്ടും പൂട്ടി. കുറച്ചുദിവസം മുമ്പ് എ.ഐ.ടി.യു.സി കോവളം മേഖലാ സെക്രട്ടറി മുട്ടയ്ക്കാട് ശശി സി.ഐ.ടി.യുവിലേക്ക് മാറിയിരുന്നു. പാർട്ടി മാറിയിട്ടും ഓഫീസ് വിട്ടുകൊടുക്കാതെ വന്നതോടെ സി.പി.ഐ നേതാക്കാൾ മേഖലാ ഓഫീസിലെത്തി അധികാരം ഏറ്റെടുക്കുകയും, പാർട്ടിയിൽ നിന്നു പുറത്താക്കിയ ആൾ ഓഫീസ് കൈയേറിയെന്നുകാണിച്ച് കോവളം പൊലീസിൽ പരാതിയും നൽകി. ഇതിനിടെ ഓഫീസിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ശശിയും പരാതി നൽകി. തുടർന്ന് പൊലീസ് കോവളം ബീച്ച് റോഡിലെ മേഖലാഓഫീസ് പൂട്ടി സീൽ ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചയോടെ സി.പി.ഐ പ്രവർത്തകർക്ക് ഓഫീസ് തുറക്കാൻ കോടതി അനുവാദം നൽകി. എന്നാൽ ഓഫീസ് തുറന്നതിനെതിരെ സി.പി.എം പ്രാദേശിക നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വൈകിട്ടോടെ പൊലീസ് വീണ്ടും ഓഫീസ് പൂട്ടിയെടുത്തത്. ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി ധാരണയായ ശേഷം ഓഫീസ് തുറക്കാൻ അനുവാദം നൽകുമെന്ന് കോവളം പൊലീസ് എസ്.എച്ച്.ഒ പി. അനിൽകുമാർ, എസ്.ഐ രതീഷ് എന്നിവർ പറഞ്ഞു.