india-a-cricket-
india a cricket

ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ
അനൗദ്യോഗിക ടെസ്റ്റിന്
ഇന്ന് കാര്യവട്ടത്ത് തുടക്കം

തിരുവനന്തപുരം : സീനിയർ ടീമിലേക്കുള്ള വാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എൻട്രൻസ് പരീക്ഷയ്ക്കാണ് ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബിൽ തുടക്കമാകുന്നത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയ്ക്കുശേഷം ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള രണ്ട് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ ആദ്യകളിക്കാണ് ഇന്ന് കാര്യവട്ടത്ത് തുടക്കമാകുന്നത്. രണ്ടാംമത്സരത്തിന്റെ വേദി മൈസൂരാണ്.

ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ ചതുർദിന മത്സരങ്ങളിൽ ലോംഗ് ഫോർമാറ്റിൽ പ്രതീക്ഷയുണർത്തുന്ന താരങ്ങളെയാണ് അണിനിരത്തുന്നത്. ഏകദിന പരമ്പരയിൽ മികച്ചപ്രകടനം കാഴ്ചവച്ച ഒാപ്പണർ ശുഭ്‌മാൻ ഗില്ലാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യ എയെ നയിക്കുന്നത്. രണ്ടാം ടെസ്റ്റിൽ വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്യാപ്ടനായെത്തും.ഇക്കഴിഞ്ഞ വിൻഡീസ് പര്യടനത്തിൽ സാഹ സംഘത്തിലുണ്ടായിരുന്നുവെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.

സീനിയർ ടീമിലേക്ക് വാതിൽ തുറക്കുന്നത് കാത്തിരിക്കുന്ന വിക്കറ്റ് കീപ്പർ കെ.എസ്. ഭരത്, കൃഷ്ണപ്പ ഗൗതം, ഷഹ്ബാസ് നദീം തുടങ്ങിയവർക്കൊപ്പം ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുള്ള ഷാർദൂൽ താക്കൂർ, മുഹമ്മദ് സിറാജ് , വിജയ് ശങ്കർ എന്നിവരും ഇന്ത്യൻ എ ടീമിലുണ്ട്. ഏകദിന പരമ്പരയിൽ കളിച്ച റിതു രാജ് ഗേയ്ക്ക് ഹദ്, ആൻമോൽ പ്രീത് സിംഗ്, ശിവം ഭുബെ, ആൻമോൽ പ്രീത് സിംഗ് എന്നിവരും ഇന്ത്യൻ ടീമിലുണ്ട്. അതേസമയം പരിക്കിന്റെ പിടിയിലുള്ള ഗൗതമിന് കളിക്കാൻ കഴിയുന്ന കാര്യം ഉറപ്പില്ല. കേരളത്തിനുവേണ്ടി രഞ്ജിയിൽ കളിക്കുന്ന മദ്ധ്യപ്രദേശ് താരം ജലജ് സക്‌സേനയെ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ സീനിയർ ടീമിന്റെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന എയ്ഡൻ മാർക്രമാണ് എ ടീമിനെ നയിക്കാൻ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിലെ സ്ഥിരാംഗമാണ് മാർക്രം. അടുത്തമാസം തുടങ്ങുന്ന സീനിയർ ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലനമാണ് മാർക്രം ലക്ഷ്യമിടുന്നത്.

ദക്ഷിണാഫ്രിക്കൻ ടീമിലെ സ്റ്റാർ അട്രാക്ഷൻ പേസർ ലുംഗി എംഗിഡിയാണ് സീനിയർ ടെസ്റ്റ് ടീമിൽ മാർക്രമിനൊപ്പം എൻഗിഡിയുമുണ്ട്. ലോകകപ്പിനിടെ പരിക്കേറ്റ് പിൻമാറിയ എൻഗിഡി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.സീനിയർ ടീമിന്റെ പരമ്പരയ്ക്ക് മുമ്പ് ഫോം വീണ്ടെടുക്കാനാണ് എ ടീമിൽ അംഗമാക്കിയിരിക്കുന്നത്.

ടീമുകൾ ഇവരിൽനിന്ന്

ഇന്ത്യ: ശുഭ്‌മാൻ ഗിൽ (ക്യാപ്ടൻ), ഋതുരാജ് ഗേയ്ക്ക് വാദ്, അൻമോൽപ്രീത് സിംഗ്, റിക്കി ഭുയി , അൻകീത് ബാവ്നെ, കെ.എസ്. ഭരത്, കൃഷ്ണപ്പഗൗതം, ഷഹ്ബാസ് നദീം, ശാർദ്ദൂൽ താക്കൂർ, മുഹമ്മദ് സിറാജ്, തുഷാർ ദേശ് പാണ്ഡെ, ശിവം ദുബെ, വിജയ് ശങ്കർ, ജലജ് സക്‌സേന.

ദക്ഷിണാഫ്രിക്ക

എയ്ഡൻ മാർക്രം, തേയുനിസ് ഡി ബ്രുയ്ൻ, സുബൈർ ഹംസ, ലുംഗി എൻഗിഡി, ജോർജ് ലിൻഡെ, പീറ്റർ മാലാൻ, എഡ്ഡിമൂർ, സെനുരാൻ മുത്തുസ്വാമി, മാർക്കോ യാൻസൻ, ഡേൻപീറ്റ്, വിയാൻ മൾഡർ, ഹെൻറിച്ച് ക്ളാസൻ, ലുത്തോ സി പാംല, ഖ്വായാ സോണ്ടോ.

മത്സരം രാവിലെ 9.30 മുതൽ

സ്പോർട്സ് ഹബിൽ പ്രവേശനം സൗജന്യം