shivan-brother-family

നാഗർകോവിൽ: ചന്ദ്രനിൽ നഷ്‌ടമായ ലാൻഡറിൽ നിന്ന് ഒരിക്കൽക്കൂടി ഒരു സന്ദേശത്തിന് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ മിഷൻ കൺട്രോളിൽ കൈലാസ വടിവ് ശിവൻ കാത്തിരിക്കുമ്പോൾ, നാട്ടിൽ സരക്കാൽവിളയിലെ കുടുംബവീട് ശിവന്റെ വരവിനു കാത്തിരിക്കുകയാണ്. ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവന്റെ മുഖം ഓരോ തവണ ടിവിയിൽ തെളിയുമ്പോഴും ജ്യേഷ്ഠന്റെ മക്കളുടെ മുഖത്ത് നിലാവു പരക്കുന്നു.

കഴിഞ്ഞ മാർച്ചിൽ കുടുംബക്ഷേത്രത്തിലെ കൊട ഉത്സവത്തിന് നാട്ടിലെത്തി മടങ്ങിയതാണ് ശിവൻ. എല്ലാ ബന്ധുക്കളെയും ഒരുമിച്ചു കാണാൻ പറ്റുമെന്നതുകൊണ്ട് ഓരോ തവണയും ഉത്സവത്തിന് ശിവൻ മുടങ്ങാതെ വരും. രാജ്യത്തിനാകെ അഭിമാനം പകരുന്ന ഐ.എസ്.ആർ.ഒയുടെ അമരക്കാരനാണ് ശിവനെങ്കിലും, നാട്ടിൽ തനി സാധാരണക്കാരൻ. പദവിയുടെ വലിപ്പമൊന്നും പെരുമാറ്റത്തിൽ ഇല്ലാത്തതുകൊണ്ട് ബന്ധുക്കൾക്കും നാട്ടുകാർക്കും പഴയ ശിവൻ തന്നെ.

കുടുംബവീട് ശിവനാണ് ഓഹരി കിട്ടിയതെങ്കിലും, ജ്യേഷ്ഠന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടു മനസ്സിലാക്കി വർഷങ്ങൾക്കു മുമ്പേ ശിവൻ അത് എഴുതിക്കൊടുത്തു. രണ്ടു വർഷം മുമ്പായിരുന്നു ജേഷ്ഠൻ രാജപ്പന്റെ മരണം. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് കുടുംബവീട്ടിൽ ഇപ്പോഴും താമസം.

വല്ലൻകുമാരവിളയിലെ സർക്കാർ സ്‌കൂളിൽ നിന്ന് വൈകിട്ട് ക്ളാസ് കഴിഞ്ഞു വരുന്ന ശിവൻ, അച്ഛൻ കൈലാസവടിവിനെ സഹായിക്കാൻ പാടത്തിറങ്ങിയിരുന്ന പഴയ കാലം ശിവന്റെ ചെറിയച്ഛൻ ഷണ്മുഖവേലിന് ഇപ്പോഴും ഓർമ്മയുണ്ട്. എൺപതു വയസ്സായി ഷണ്മുഖവേലിന്. എന്നാലും ശിവനെക്കുറിച്ചുള്ള ഓർമ്മകൾക്ക് നല്ല തെളിച്ചം. 'നന്നായി കുടുബം നോക്കുന്നവനാണ്'- ലോകം ഉറ്റുനോക്കുന്ന മഹാദൗത്യങ്ങളുടെ അണിയറശി‌ല്പിയെക്കുറിച്ച് ചെറിയ‌ച്ഛന്റെ അഭിപ്രായം.

കുടുംബത്തിലെ ബുദ്ധിമുട്ടു കാരണം ഡിഗ്രി കഴിഞ്ഞ് തുടർന്നു പഠിക്കാൻ കഴിയാതെ വന്നപ്പോൾ ശിവൻ പട്ടിണി കിടന്ന് പ്രതിഷേധിച്ചതും, കൃഷിസ്ഥലം വിറ്റ് കൈലാസവടിവ് മകനെ പഠിപ്പിക്കാൻ വിട്ടതുമൊന്നും ഷൺമുഖവേൽ മറന്നിട്ടില്ല. ശിവനെക്കുറിച്ചുള്ള അഭിമാനത്തിന്റെ തിളക്കത്തിലും പഴയ കാലം ഒാർത്തെടുങ്കുമ്പോൾ ഷൺമുഖവേലിന്റെ കണ്ണു നനയുന്നു.