തിരുവനന്തപുരം: മുഞ്ചിറമഠത്തിന്റെ വസ്‌തു കൈയേറിയാണ് സേവാഭാരതിയുടെ ബാലസദനം പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്ജലി സ്വാമി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. കോട്ടയ്ക്കകം മിത്രാനന്ദപുരത്തെ ബാലസദനത്തിനു മുന്നിലാണ് മുഞ്ചിറമഠത്തിലെ മൂപ്പിൽ സ്വാമി കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഇന്നലെ രാവിലെ മുതൽ സമരം ആരംഭിച്ചത്. രണ്ടുമാസം നീളുന്ന ആചാരപരമായ ചാതുർമാസ വ്രതത്തിനായി ജൂലായ് 16ന് സ്വാമി മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിന് സമീപത്തെ മഠത്തിലെത്തിയിരുന്നു. എന്നാൽ സേവാഭാരതിയുടെ അനന്തശായി ബാലസദനത്തിന്റെ പ്രവർത്തകർ അതിന് അനുവദിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് സ്വാമി പറഞ്ഞു. സ്ഥലം തിരിച്ചുകിട്ടിയില്ലെങ്കിൽ സമാധിവരെ നിരാഹാരം തുടരുമെന്നും സ്വാമിയാർ അറിയിച്ചു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരുന്ന സ്ഥലം 35 വർഷം മുമ്പ് രാജാവ് ബാലസദനത്തിന് കൈമാറിയതാണെന്ന് സേവാഭാരതി നേതൃത്വം അറിയിച്ചു. അടുത്തിടെ അവകാശം ഉന്നയിച്ചെത്തിയ സ്വാമിയോട് ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാൻ പറഞ്ഞെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ബാലസദനം മാറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സ്വാമിയെ ധരിപ്പിച്ചെന്നും അവർ പറഞ്ഞു.