harry-kane-euro-cup
harry kane euro cup

ലണ്ടൻ : കഴിഞ്ഞ രാത്രി നടന്ന യൂറോകപ്പ് ഫുട്ബാൾ യോഗ്യതാറൗണ്ട് മത്സരങ്ങളിൽ ഇംഗ്ളണ്ട്, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ വമ്പൻമാർക്ക് വിജയം. ഇംഗ്ളണ്ട് എതിരില്ലാത്ത നാലു ഗോളുകൾക്ക് ബൾഗേറിയയെയും ഫ്രാൻസ് 4-1ന് അൽ ബേനിയയെയും പോർച്ചുഗൽ 4-2ന് സെർബിയയെയുമാണ് തോൽപ്പിച്ചത്. വെയിൽസ്, ഐസ് ലാൻഡ്, ഉക്രൈൻ, തുർക്കി തുടങ്ങിയ ടീമുകളും വിജയം കണ്ടെത്തി.

വെംബ്ളി സ്റ്റേഡിയത്തിൽനടന്ന ഗ്രൂപ്പ് എ മത്സരത്തിലാണ് നായകൻ ഹാരി കേനിന്റെ ഹാട്രിക്മികവിൽ ഇംഗ്ളണ്ട് ബൾഗേറിയയെ തകർത്തത്. ഇംഗ്ളണ്ട് നാലുഗോളുകൾ നേടിയപ്പോൾ മൂന്നും കേനിന്റെ ബൂട്ടിൽ നിന്നായിരുന്നു. ഇതിൽ രണ്ടെണ്ണം പെനാൽറ്റിയിൽ കൂടിയാണ് കേൻ നേടിയത്.

24-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗിന്റെ പാസിൽനിന്നാണ് കേൻ ആദ്യ ഗോൾ നേടിയത്. ഇൗ ഗോളിന് ആദ്യപകുതിയിൽ ഇംഗ്ളണ്ട് ലീഡ് ചെയ്തു. 49-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി കേൻ സ്കോർ ഉയർത്തി. 55-ാം മിനിട്ടിൽ കേനിന്റെ പാസിൽ നിന്ന് സ്റ്റെർലിംഗിന്റെ ഗോൾ. 73-ാം മിനിട്ടിൽ അടുത്ത പെനാൽറ്റി കിക്കിലൂടെ കേൻ ഹാട്രിക്കും തികച്ചു. ഇംഗ്ളണ്ട് ടീമിനുവേണ്ടി കേൻ ഹാട്രിക് നേടുന്നത് രണ്ടാം തവണയാണ്.

ഗ്രൂപ്പ് റൗണ്ടിലെ ഇംഗ്ളണ്ടിന്റെ മൂന്നാം മത്സരമായിരുന്നു ഇത്. മൂന്ന് കളികളിലും വിജയിച്ച ഇംഗ്ളണ്ടാണ് എ ഗ്രൂപ്പിൽ ഒൻപത് പോയിന്റുമായി ഒന്നാംസ്ഥാനത്ത്.

ലോക ചാമ്പ്യൻമാരായ ഫ്രാൻസ് സ്വന്തം തട്ടകമായ പാരീസിൽ നടന്ന മത്സരത്തിൽ വിജയിച്ച് എച്ച് ഗ്രൂപ്പിലെ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. അൽബേനിയയ്ക്കെതിരായ മത്സരത്തിൽ സൂപ്പർതാരം അന്റോയിൻ ഗ്രീസ്‌മാൻ പെനാൽറ്റി പാഴാക്കിയെങ്കിലും ഇരട്ടഗോൾ നേടിയ കിംഗ്സ്‌ലി കോമാൻ, ഒാരോ ഗോൾ നേടിയ ഒളിവർ ജിറൂഡ്, ഐക്കോൺ എന്നിവർ ചേർന്ന് ഫ്രാൻസിന് വിജയം സമ്മാനിക്കുകയായിരുന്നു. 8, 68 മിനിട്ടുകളിലായിരുന്നു കോമാന്റെ ഗോളുകൾ. 27-ാം മിനിട്ടിൽ ജിറൂഡും 85-ാം മിനിട്ടിൽ ഐക്കോണും സ്കോർ ചെയ്തു. 90-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സിഖാലേഷിയാണ് അൽബേനിയയുടെ ആശ്വാസ ഗോൾ നേടിയത്.

എച്ച് ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ഫ്രാൻസിനുള്ളത്. ഇന്നലെ അൻഡോറെ 1-0ത്തിന് തോൽപ്പിച്ച തുർക്കിക്കും 12 പോയിന്റായെങ്കിലും രണ്ടാം സ്ഥാനത്താണ്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ സ്കോർ ചെയ്ത മത്സരത്തിലാണ് നിലവിലെ യൂറോകപ്പ് ജേതാക്കളായ പോർച്ചുഗൽ 4-2ന് സെർബിയയെ കീഴടക്കിയത്. 42-ാം മിനിട്ടിൽ വില്യം കാർവാലോയിലൂടെ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. ഇൗ ഗോളിന് അവർ ആദ്യ പകുതിയിൽ ലീഡ് ചെയ്തു. 58-ാം മിനിട്ടിൽ ഗോൺസാലോ ഗെയ്ഡസ് ലീഡുയർത്തി. 68-ാം മിനിട്ടിൽ മിലൻ കോവിച്ച് ഒരു ഗോൾ തിരിച്ചടിച്ചു. 80-ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. 85-ാം മിനിട്ടിൽ മിത്രോപിച്ച് സെർബിയ്ക്കുവേണ്ടി ഒരു ഗോൾ കൂടിയെങ്കിലും തൊട്ടടുത്ത മിനിട്ടിൽ ബെർനാഡോ സിൽവയിലൂടെ പോർച്ചുഗൽ സ്കോർ 4-2 ആക്കിമാറ്റി.

ബി ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് മാത്രമായ പോർച്ചുഗൽ രണ്ടാംസ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള ഉക്രൈനാണ് ഒന്നാമത്. ഉക്രൈൻ കഴിഞ്ഞ മത്സരങ്ങളിൽ 3-0ത്തിന് ലിത്വാനിയയെ കീഴടക്കിയിരുന്നു.

മത്സരഫലങ്ങൾ

ഇംഗ്ളണ്ട് 4-ബൾഗേറിയ 0

ഐസ്‌ലാൻഡ് 3-മോൾഡോവ 0

ഉക്രൈൻ 3-ലിത്വാനിയ 0

ഫ്രാൻസ് 4-അൽബേനിയ 1

പോർച്ചുഗൽ 4-സെർബിയ 2

തുർക്കി 1-അൻഡോറ 0