തിരുവനന്തപുരം:ചന്ദ്രയാൻ 2 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രനിൽ വീണുടയാൻ കാരണം അവസാന നിമിഷങ്ങളിലെ അസാധാരണ ഉലച്ചിലായിരുന്നുവെന്ന് കണ്ടെത്തൽ. ഇത് നിയന്ത്രിക്കാനുള്ള ശ്രമം ഫലിച്ചില്ലെന്ന് മാത്രമല്ല, നിയന്ത്രണ സംവിധാനം തന്നെ തകരാറിലായി ലാൻഡർ കുത്തനെ ചന്ദ്രനിൽ ഇടിച്ചിറങ്ങി. ആ ആഘാതത്തിൽ നിലതെറ്റിയ ലാൻഡർ ചാന്ദ്രപ്രതലത്തിൽ മറിഞ്ഞുവീഴുകയായിരുന്നെന്നും ദൗത്യത്തിന്റെ തിരിച്ചടി പഠിക്കുന്ന ഉന്നത തല സമിതി കണ്ടെത്തി.
ലാൻഡറിനെ കണ്ടെത്തിയതോടെ അതിനെ തൊട്ടുണർത്താനുള്ള ശ്രമങ്ങളാണ് ഐ.എസ്.ആർ.ഒ ശനിയാഴ്ച വൈകിട്ട് മുതൽ നടത്തുന്നത്. വീഴ്‌ചയുടെ ആഘാതത്തിൽ ലാൻഡറിന്റെ സൗരോർജ്ജ പാനലുകളും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്. എങ്കിലും പ്ളാൻ - ബി അനുസരിച്ച് അത്യാഹിത സന്ദർഭങ്ങളിൽ കുലുക്കി ഉണർത്താൻ സ്റ്റിമുലേഷൻ സംവിധാനമുണ്ട്. കമാൻഡുകൾ നൽകി അത് പ്രവർത്തിപ്പിച്ച് ലാൻഡറിനെ ഉണർത്താനാണ് ശാസ്‌ത്രജ്ഞരുടെ ശ്രമം. അത് വിജയിക്കുമെന്ന് ഉറപ്പില്ല. വിജയിച്ചാലും ലാൻഡറിനെ വീണ്ടെടുക്കാനാകില്ല. അതിനകത്തുള്ള റോവറിനെയും പ്രവർത്തിപ്പിക്കാനാവില്ല. എങ്കിലും ലാൻഡറിലെ ഡാറ്റ ശേഖരം വീണ്ടെടുക്കാനായേക്കും. അവസാനനിമിഷത്തെ താളം തെറ്റലിന്റെ വിവരങ്ങൾ അതിൽ നിന്ന് ലഭിച്ചേക്കും. നാലുകാലിൽ നിൽക്കാൻ രൂപകൽപന ചെയ്ത ലാൻഡർ മറിഞ്ഞുവീണാൽ ഉയർത്താനും പ്രവർത്തിപ്പിക്കാനും പ്രയാസമായിരിക്കും. ലാൻഡറിന്റെ ക്രാഷ് ലാൻഡിംഗ് പഠിക്കുന്ന സമിതി അവസാന പതിനഞ്ച് മിനിറ്റിലെ വിശദമായ ഡാറ്റാ ഇഴകീറി പരിശോധിക്കുകയാണ്. രണ്ടുദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് തയ്യാറായേക്കും.
റഫ് ബ്രേക്കിംഗ്
സോഫ്റ്റ് ലാൻഡിംഗിനൊരുങ്ങുമ്പോൾ ലാൻഡർ 30 x 100 കിലോമീറ്ററുള്ള ചാന്ദ്രഭ്രമണപഥത്തിലായിരുന്നു. അവിടെ നിന്ന് നാല് എൻജിനുകൾ അണച്ച് അതിനെ ചന്ദ്രന്റെ ഗുരുത്വാകർഷണത്തിന് വിട്ടുകൊടുത്താണ് താഴേക്ക് പതിപ്പിച്ചത്. സെക്കൻഡിൽ ആറ് കിലോമീറ്റർ വേഗതയിലായിരുന്നു ഇറക്കം. ഇങ്ങനെ മൂന്ന് കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ സഡൻബ്രേക്കിടുന്നതുപോലെ പെട്ടെന്ന് വേഗത നിയന്ത്രിച്ചു. ഇതിനായി നാല് എൻജിനുകൾ ഒരുമിച്ച് ജ്വലിപ്പിച്ചു. അതോടെ ലാൻഡറിനെ മുകളിലേക്ക് തള്ളുകയും താഴോട്ടുള്ള വേഗത കുറയുകയും ചെയ്‌തു. ഇതാണ് റഫ് ബ്രേക്കിംഗ്. ഇതുവരെ കൃത്യമായി നടന്നു.
അടുത്തത് ലാൻഡറിന്റെ വേഗത ക്രമമായി നിലനിർത്തി താഴേക്കിറക്കുന്ന ഫൈൻ ബ്രേക്കിംഗ് എന്ന നിർണായക ഘട്ടമായിരുന്നു.
സന്തുലനം തകർന്നു
ഫൈൻ ബ്രേക്കിംഗ് ഘട്ടത്തിൽ ലാൻഡറിന്റെ മൊത്തം സന്തുലനാവസ്ഥ (ബോഡി റേറ്റ് ) അസാധാരണമായി മാറിമറിഞ്ഞു. ബോഡിറേറ്റ് കണക്കാക്കുന്നത് ലാൻഡറിന്റെ പിച്ച്, യാർ, റോൾ എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. മുൻവശത്തെ ദിശാനിർണയമാണ് പിച്ച്. പേടകവും ചന്ദ്രന്റെ പ്രതലവുമായുള്ള തിരശ്ചീന സന്തുലനമാണ് യാർ. ബാഹ്യമായ തടസങ്ങളെ അതിജീവിക്കാൻ ലാൻഡർ സ്വയം കറങ്ങി വേഗത നിയന്ത്രിക്കുന്നതാണ് റോൾ. ഇത് മൂന്നും നിശ്ചിതമായ അനുപാതത്തിൽ വരുമ്പോഴാണ് ബോഡി റേറ്റ് സുരക്ഷിതമാകുന്നത്.
സിഗ്നൽ മുറിഞ്ഞു
അവസാനഘട്ടത്തിൽ ബോഡി റേറ്റ് തകിടം മറിഞ്ഞ പ്രതിസന്ധി മറികടക്കാൻ മിഷൻ കൺട്രോൾ ലാൻഡറിന്റെ രണ്ട് വശങ്ങളിലെ എൻജിനുകൾ ജ്വലിപ്പിച്ചു. അത് ഫലം കണ്ടില്ലെന്ന് മാത്രമല്ല കൂടുതൽ സങ്കീർണമാകുകയും ലാൻഡറിന്റെ വേഗത നിയന്ത്രണാതീതമാകുകയും ചെയ്തു. ഇതോടെയാണ് ബോഡിറേറ്റ് ഉലഞ്ഞ് വിനിയമ സംവിധാനം തകരാറിലായതും സിഗ്നൽ നഷ്‌ടമായതും. ഇതിന്റെ കാരണമാണ് തിരയുന്നത്.
ലാൻഡറിനെ കണ്ടെത്തിയത് സ്ഥിരീകരിച്ച് ഡോ. കെ ശിവൻ
ചന്ദ്രപ്രതലത്തിൽ ചരിഞ്ഞു കിടക്കുന്ന ലാൻഡറിനെ ചന്ദ്രയാൻ മാതൃപേടകമായ ഒാർബിറ്റർ കണ്ടെത്തിയതായും ചിത്രങ്ങൾ പകർത്തിയതായും ശനിയാഴ്ച 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഇന്നലെ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.ശിവൻ സ്ഥിരീകരിച്ചു. ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 67ഡിഗ്രി കിഴക്കേ രേഖാംശത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ശ്രമിച്ചത്. ലാൻഡറിനെ കണ്ടെത്തിയതും ഇതിന് സമീപത്ത് തന്നെയാണ്. അതുകൊണ്ട് തന്നെ ലാൻഡിംഗിന്റെ അവസാന നിമിഷം വരെ കാര്യങ്ങൾ കൃത്യമായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. ഒാർബിറ്റർ പകർത്തിയ ലാൻഡറിന്റെ തെർമൽ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിട്ടില്ല.