sports-news-in-brief-dine
sports news in brief dinesh karthik

ന്യൂഡൽഹി : കരീബിയൻ പ്രിമിയർ ലീഗ് ടീം ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ മത്സരം കാണാൻ അവരുടെ ജഴ്സിയണിഞ്ഞ് ഡ്രസിംഗ് റൂമിലിരുന്ന സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റർ ദിനേഷ് കാർത്തിക് ബി.സി.സി.ഐക്ക് മാപ്പപേക്ഷ നൽകി.

ദിനേഷ് നായകനായ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ ഷാറൂഖ് ഖാനാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെയും ഉടമ.

എന്നാൽ ദിനേഷ് കാർത്തിക് ബി.സി.സി.ഐ സെൻട്രൽ കോൺട്രാക്റ്റുള്ള താരമായതിനാൽ മറ്റ് ടീമുകളുടെ ജഴ്സിയണിയുന്നതിന് നിയമതടസമുണ്ട്. സഹോദര സ്ഥാപനത്തിന്റെ ജഴ്സിയണിഞ്ഞ് ഡ്രസിംഗ് റൂമിലിരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബി.സി.സി.ഐ കാർത്തിക്കിന് നോട്ടീസയച്ചിരുന്നു. ട്രിൻബാഗോ കോച്ച് ബ്രണ്ടൻ മക്കുല്ലത്തിന്റെ ക്ഷണമനുസരിച്ചാണ് ദിനേഷ് മത്സരം കാണാൻ പോയത്.

അമിതാഭ് ചൗധരിക്ക്

ഷോക്കാസ് നോട്ടീസ്

ന്യൂഡൽഹി : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും സമീപകാല യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിക്ക് സുപ്രീംകോടതി നിയമിച്ച ബി.സി.സി.ഐ താത്കാലിക ഭരണസമിതി കാരണം കാണിക്കൽ നോട്ടീസയച്ചു.

നേരത്തെ ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറി എന്ന നിലയിൽ സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് അമിതാഭ് ചൗധരിയെ ഭരണസമിതി വിലക്കിയിരുന്നു. ഐ.സി.സി, എ.സി.സി യോഗങ്ങളിൽ ബി.സി.സി.ഐയെ പ്രതിനിധീകരിക്കുന്നതിൽ വിലക്കില്ലായിരുന്നു. എന്നാൽ സെലക്ഷൻ കമ്മിറ്റിയിലെ വിലക്കിനുശേഷം മറ്റു യോഗങ്ങളിൽ പങ്കെടുക്കാൻ ചൗധരി തയ്യാറായില്ല.

ബ്രിജിത്തിന് റെക്കാഡ്

ലണ്ടൻ : ഗ്രേറ്റ് നോർത്ത് റൺ വിജയിച്ച കെനിയൻ ദീർഘദൂര ഒാട്ടക്കാരി ബ്രിജിത്ത് കൊസേയ് ഏറ്റവും വേഗത്തിൽ ഹാഫ് മാരത്തോൺ പൂർത്തിയാക്കുന്ന വനിതയെന്ന റെക്കാഡിന് അർഹയായി. ഒരുമണിക്കൂർ 4 മിനിട്ട് 28 സെക്കൻഡുകൊണ്ടാണ് ബ്രിജിത്ത് ഫിനിഷ് ചെയ്തത്. 2017 ൽ കെനിയക്കാരി തന്നെയായ ജോയ്സിലിൻ യെപ്കൊസേയ് സ്ഥാപിച്ച റെക്കാഡാണ് ബ്രിജിത്ത് തകർത്തത്.

ചരിത്ര വിജയത്തിനരികെ

അഫ്ഗാനിസ്ഥാൻ

ചിറ്റോർഗ്രാം : ടെസ്റ്റ് ചരിത്രത്തിലെ ആദ്യവിജവും അഫ്ഗാനും തമ്മിൽ നാലുവിക്കറ്റ് അകലം മാത്രം. ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റിന്റെ നാലാംദിനം കളിനിറുത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 398 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ളാദേശ് 136/6 എന്ന നിലയിൽ പതറുകയാണ്.

അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 260ന് ആൾ ഒൗട്ടായതോടെയാണ് ബംഗ്ളാദേശിന് 398 റൺസ് ലക്ഷ്യം നിശ്ചയിക്കപ്പെട്ടത്. ലിട്ടൺ ദാസ് (9), ഷൂമാൻ ഇസ്ളാം (41) , മൊസാദേക്ക് ഹൊസൈൽ (12), മുഷ്‌ഫിഖുർ റഹിം (23), മോമിനുൽഹഖ് (3), മഹ്‌മൂദുള്ള (7) എന്നിവരെയാണ് ബംഗ്ളാദേശിന് ഇതുവരെ നഷ്ടമായത്. നായകൻ ഷാക്കിബ് (39) ക്രീസിലുണ്ട്.