നാലാം ടെസ്റ്റിൽ 185 റൺസ് വിജയം, അടുത്ത ടെസ്റ്റിൽ തോറ്റാലും കിരീടം നിലനിറുത്താം
മാഞ്ചസ്റ്റർ : ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ അവസാന ദിവസം ഇംഗ്ളണ്ടിന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ച് ആസ്ട്രേലിയ 185 റൺസ് വിജയം നേടി. ഇതോടെ ആസ്ട്രേലിയ അഞ്ചുമത്സരപരമ്പരയിൽ 2-1ന്റെ ലീഡ് നേടി. ഇതോടെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ളണ്ട് ജയിച്ചാലും നിലവിലെ ചാമ്പ്യന്മാരായതിനാൽ ആസ്ട്രേലിയയ്ക്ക് കിരീടം സ്വന്തമാക്കാം.
രണ്ടാം ഇന്നിംഗ്സിൽ 383 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് ഇന്നലെ 197 റൺസിൽ ആൾഒൗട്ടാവുകയായിരുന്നു. 18/2 എന്ന നിലയിൽ അവസാന ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇംഗ്ളണ്ട് ചായയ്ക്ക് പിരിയുമ്പോൾ 166/6 എന്ന നിലയിലായിരുന്നു . ചായയ്ക്ക് ശേഷം ബട്ട്ലറെ നഷ്മായത് കനത്ത തിരിച്ചടിയായി.
രണ്ടാം ഇന്നിംഗ്സിൽ സ്കോർ ബോർഡ് തുറക്കുംമുമ്പേ റോറി ബേൺസിനെയും (0), ജോറൂട്ടിനെയും (0) നഷ്ടമായിരുന്ന ഇംഗ്ളണ്ടിനെ ഡെൻലി (53), ജാസൺ റോയ് (31) എന്നിവരാണ് വലിയൊരു തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇന്നലെ ടീം സ്കോർ 66 ലെത്തിയപ്പോൾ ജാസൺ റോയ്‌യെ ക്ളീൻ ബൗൾഡാക്കി പാറ്റ് കമ്മിൻസ് ആസ്ട്രേലിയയ്ക്ക് ബ്രേക്ക് ത്രൂ നൽകി. തലേന്ന് ബേൺസിനെയും റൂട്ടിനെയും ആദ്യ ഒാവറിൽ പുറത്താക്കിയിരുന്നത് കമ്മിൻസായിരുന്നു.
തുടർന്ന് ഇംഗ്ളീഷ് പ്രതീക്ഷിച്ചത്രയും മൂന്നാംടെസ്റ്റിലെ അത്ഭുത നായകൻ ബെൻ സ്റ്റോക്സിലായി. മൂന്നാം ടെസ്റ്റിൽ 359 റൺസിന്റെ വിജയലക്ഷ്യം വാലറ്റക്കാരനെക്കൂട്ടി ചേസ് ചെയ്ത് ചരിത്രം സൃഷ്ടിച്ച ബെൻ സ്റ്റോക്സിന് ഇന്നലെ പക്ഷേ അത്ഭുതം ആവർത്തിക്കാനായില്ല. 17 പന്തുകൾ നേരിട്ടിട്ടും ഒരു റൺസ് മാത്രം നേടാനായ സ്റ്റോക്സിനെ കമ്മിൻസ് തന്നെ പുറത്താക്കുകയായിരുന്നു. വിക്കറ്റിന് പിന്നിൽ ഒാസീസ് നായകൻ ടീം പെയ്‌നായിരുന്നു ക്യാച്ച്. മത്സരത്തിലെ കമ്മിൻസിന്റെ നാലാം വിക്കറ്റായിരുന്നു ഇത്. ഇതോടെ ഇംഗ്ളണ്ട് 74/4 എന്ന നിലയിലായി.
ലഞ്ചിനുശേഷം അർദ്ധ സെഞ്ച്വറിയിലെത്തിയ ഡെൻലിയെ ലബുഷാംഗെയുടെ കൈയിലെത്തിച്ച് സ്പിന്നർ നഥാൻ ലിയോൺ ഇംഗ്ളണ്ട്, ആരാധകരുടെ നെഞ്ചിടിപ്പേറ്റി. ഡെൻലിക്ക് പകരക്കാരനായിറങ്ങിയ ബട്ട്‌ലറും (34) ബെയർ സ്റ്റോയും (25) ചേർന്ന് പതിയെ സ്കോർ ഉയർത്തി. വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധയോടെയാണ് ഇരുവരും കളിച്ചതെങ്കിലും ഇന്നിംഗ്സിലെ 52-ാം ഒാവറിൽ ബെയർ സ്റ്റോയെ എൽ.ബിയിൽ കുരുക്കി ഇംഗ്ളണ്ടിനെ 138/6 എന്ന നിലയിലാക്കി. തുടർന്നിറങ്ങിയ ഒാവർട്ടൺ (21 ) ബട്ട്‌ലർക്ക് പിന്തുണ നൽകിയതോടെ ചായ സമയം വരെ വിക്കറ്റ് വീഴ്ച കൂടാതെ നോക്കാൻ ഇംഗ്ളണ്ടിനായി.
ചായയ്ക്ക് ശേഷം ബട്ട്ലറെ ബൗൾഡാക്കിയത് ഹേസൽവുഡാണ്. 111 പന്തുകൾ ബട്ട്ലർ പിടിച്ചുനിന്നിരുന്നു.നാല് ബൗണ്ടറികളും പറത്തി.തൊട്ടടുത്ത ഒാവറിൽ നഥാൻ ലിയോൺ ജോഫ്ര ആർച്ചറെ (1) എൽ.ബിയിൽ കുരുക്കിയതോടെ ഇംഗ്ളണ്ട് 173/8ലേക്ക് പതിച്ചു. മൂന്നാം ടെസ്റ്റിൽ സ്റ്റോക്സിനൊപ്പം അവിസ്മരണീയ കൂട്ടുകെട്ടുണ്ടാക്കിയ ജാക്ക് ലീച്ചാണ് തുടർന്നിറങ്ങിയത്. ലീച്ച് 51 പന്തുകളിൽ 12 റൺസ് നേടി പൊരുതിനോക്കി.ഒടുവിൽ ലീച്ചിനെ ലബുഷാംഗെയും ഒാവർട്ടണിനെ ഹേസൽ വുഡും പുറത്താക്കിയതോടെ ഇംഗ്ളീഷ് ഇന്നിംഗ്സിന് കർട്ടൻ വീണു.