തിരുവനന്തപുരം: ഭൂമാഫിയയുടെ സംരക്ഷകരായ സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് മുൻ എം.പി. ജോയ്‌സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കൊട്ടക്കാമ്പൂരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കിയ ദേവികുളം സബ് കളക്ടറുടെ നടപടിയെന്ന് വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.
അനധികൃത കൈയേറ്റങ്ങൾക്കും ഖനനത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും കളമൊരുക്കിയ സർക്കാർ നിരവധി പേരുടെ ജീവനെടുത്ത പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പോലും മുൻ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്.
നിയമവിരുദ്ധമായി ആയിരക്കണക്കിന് ഏക്കർ ഭൂമി കൈയടക്കിയവരിൽനിന്നും നിയമ നടപടിയിലൂടെ ഭൂമി തിരിച്ചുപിടിക്കുന്നതിന് തടസമായി നിൽക്കുന്നത് ഇടതു സർക്കാർ അനുവർത്തിച്ചുവരുന്ന മാഫിയ പ്രീണനസംരക്ഷണ നയമാണ്. ഇതിൽ നിന്ന് ഇനിയെങ്കിലും പിന്തിരിയാൻ സർക്കാർ തയാറാകുമോ എന്നതാണ് ജനങ്ങൾ ഉറ്റുനോക്കുന്നതെന്നും സുധീരൻ പറഞ്ഞു.