കടയ്ക്കാവൂർ: വക്കം ഖാദറിന് അനുയോജ്യമായ സ്‌മാരകം വക്കത്ത് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വക്കം ഖാദർ അനുസ്‌മരണ വേദിയുടെ ആഭിമുഖ്യത്തിൽ വക്കത്ത് നടന്ന 76-ാമത് വക്കം ഖാദർ രക്തസാക്ഷിത്വ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വക്കം ഖാദറിന് ഉചിതമായ സ്‌മാരകം നിർമ്മിക്കാൻ കെ.പി.സി.സി 10 ലക്ഷം രൂപ ലഭ്യമാക്കും. തുക അനുസ്‌മരണ വേദിക്ക് കൈമാറുമെന്നും മുല്ലപ്പള്ളി അറിയിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അടൂർപ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തി. വക്കം സുകുമാരൻ, കിളിമാനൂർ സുദർശനൻ, ഇളമ്പ ഉണ്ണിക്കൃഷ്ണൻ, വക്കം ഖാദറിന്റെ സഹോദരപുത്രൻ ഭാമി, ജഫേഴ്‌സൺ, ഉറൂബ്, ടി.പി. അംബിരാജ്, പെരുംകുളം അൻസാർ, ഷാൻ തുടങ്ങിയവർ സംസാരിച്ചു. നൗഫൽ സ്വാഗതവും വക്കം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിഷ്ണു നന്ദിയും പറഞ്ഞു. ഖാദർ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയശേഷമാണ് പരിപാടികൾ ആരംഭിച്ചത്.