തിരുവനന്തപുരം : തലസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കുമാരപുരം സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദിലിനെയാണ് ഒരു സംഘം സ്കൂളിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വാഹനത്തിൽവച്ച് മർദ്ദിച്ചത്. അതേ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോട് സംസാരിച്ചതിന്റെ പേരിൽ മംഗലപുരം സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദിലിനെ മർദിച്ച് അവശനാക്കിയ ശേഷം തലമുടി മുറിച്ചു കളഞ്ഞതെന്ന് ആദിലിന്റെ പിതാവ് നിസാം പറയുന്നു.
സംഭവത്തെക്കുറിച്ച് ആദിലിന്റെ പിതാവ് നിസാം പറയുന്നത് : ഇക്കഴിഞ്ഞ ജൂലായ് 23 നായിരുന്നു സംഭവം. അന്ന് രണ്ടുപേർ തന്റെ വീട്ടിൽ വരികയും മകന്റെ കൈയിൽ നിന്ന് നോട്ട് ബുക്ക് വാങ്ങാനുണ്ടെന്ന വ്യാജേന ആദിലിനെ മൊബൈലിൽ വിളിച്ചു തരണമെന്നും ആവശ്യപ്പെട്ടു. അവർ മോനോട് ഫോണിൽ എന്തോ സംസാരിച്ചിട്ട് നേരെ പോയി മകനെ സ്‌കൂളിൽനിന്ന് വിളിച്ച് മർദ്ദിച്ചയാളും കൂട്ടാളികളും ഇരുന്നിരുന്ന കാറിനകത്ത് കയറ്റി അതി ക്രൂരമായി മർദിച്ച് അവശനാക്കുകയായിരുന്നു.
വസ്ത്രങ്ങൾ വലിച്ച് കീറുകയും മുടി മുറിക്കുകയും ചെയ്തു. കൂടാതെ മകന്റെ ഷൂസ് ഊരി തലയിൽ വയ്പിച്ചിട്ട് സ്‌കൂൾ മുതൽ ബസ് സ്റ്റാൻഡ് വരെ നടത്തിച്ചു. ഇനി പെൺകുട്ടിയോട് സംസാരിച്ചാൽ വീട്ടിലുള്ളവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവം നടന്നിട്ട് ഒന്നര മാസത്തിലേറെയായിട്ടും മുഖ്യ പ്രതിയെ പിടിക്കുന്നതിൽ പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും നിസാം ആക്ഷേപിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും സിറ്റിപൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.