മുടപുരം: കിടപ്പു രോഗികൾക്ക് സാന്ത്വനവുമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സാന്ത്വന യാത്ര ഇന്നലെ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിലുള്ള ഏറ്റവും അവശതയിൽ കഴിയുന്നവരെ രണ്ടു ദിവസങ്ങളിലായി നേരിൽ കാണുകയാണ് ലക്ഷ്യം. 25 വർഷമായി സ്ട്രോക്ക് ബാധിച്ചു കിടപ്പിലായ ചിറയിൻകീഴ് കരിന്തുവ കടവിലെ 74 വയസുള്ള ശിശുപാലൻ മുതൽ നട്ടെല്ലിനു ക്ഷതം സംഭവിച്ചു 15 വർഷമായി ചികിത്സയിൽ കഴിയുന്ന കടയ്ക്കാവൂർ ദേവരുനടയ്ക്കു സമീപമുള്ള 26 വയസുകാരൻ മനുവിന്റെ വീടു സഹിതം ഇന്നലെ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.രാജീവ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന .ഡി.എസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ സുരേഷ്, സിന്ധു .എസ്, ആർ.സരിത, പാലിയേറ്റീവ് നഴ്സുമാരായ മഞ്ചുബിജു, ഗീതുസുനിൽ, ഫിസിയോ തെറാപ്പിസ്റ്റ് ജി.ദീപു, അരുൺ .ജെ.എസ് എന്നിവരും ഉണ്ടായിരുന്നു. എല്ലാവർക്കും ഓണക്കോടിയും ധാന്യ കിറ്റുകളും നൽകി. യാത്ര ഇന്ന് സമാപിക്കും.