നെടുമങ്ങാട്: ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങാനുള്ള തിക്കും തിരക്കുമാണ് എങ്ങും. തിരുവോണ സദ്യയ്ക്ക് ഇനിയും വിട്ടുപോയതെല്ലാം വാങ്ങാൻ താലൂക്കാസ്ഥാനത്തെ കമ്പോളത്തിലേക്ക് ഇന്ന് ആയിരങ്ങൾ ഒഴുകിയെത്തും. മലയോര വിപണിക്ക് പേരുകേട്ട നെടുമങ്ങാട്ടെ പൊതു കമ്പോളത്തിൽ പച്ചക്കറി ഇനങ്ങളും പലവ്യഞ്ജനവും തുണിത്തരങ്ങളും ഗൃഹോപകരണങ്ങളും വിലക്കുറവിൽ വാങ്ങാം. ചന്തമുക്ക്, കച്ചേരിനട, സൂര്യാ റോഡ്, കുപ്പക്കോണം, പഴകുറ്റി, കുളവിക്കോണം എന്നിവിടങ്ങളിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിൽ രണ്ടു ദിവസമായി കാലുകുത്താൻ ഇടമില്ല. രണ്ടായിരം രൂപയ്ക്ക് ഒരു കുടുംബത്തിലെ നാലോ, അഞ്ചോ അംഗങ്ങൾക്ക് ഓണക്കോടി വാങ്ങാൻ ഇക്കുറി കഴിയും. കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ വിവിധ സഹകരണ സ്ഥാപനങ്ങൾ ആരംഭിച്ച ഓണച്ചന്തകളും ആശ്വാസകരമാണ്. ജയ അരി, കുത്തരി, പച്ചരി, പഞ്ചസാര, തുവരപ്പരിപ്പ്, ഉഴുന്ന്, മുളക്, മല്ലി, കടല, വെളിച്ചെണ്ണ, ചെറുപയർ, വൻപയർ തുടങ്ങി സബ്‌സിഡി ഇനത്തിൽപ്പെട്ട 12 ഇനം സാധനങ്ങൾ ഓണച്ചന്തകൾ വഴി വിതരണം ചെയ്യുന്നുണ്ട്. കനത്ത മഴയിൽ വിള നാശമുണ്ടായതിനാൽ പച്ചക്കറി ഇനങ്ങൾക്ക് പൊതുവേ പൊള്ളുന്ന വിലയാണെങ്കിലും സർക്കാർ സബ്സിഡിയോടെ കൃഷിഭവനുകളുടെ നേതൃത്വത്തിൽ നടക്കുന്ന പച്ചക്കറിച്ചന്തകൾ ഏറെ ഉപകാരപ്രദമാണ്. കർഷകരിൽ നിന്നു നേരിട്ട് വാങ്ങുന്ന നാടൻ പച്ചക്കറികളാണ് കൃഷിഭവനുകളുടെ നേതൃത്വത്തിൽ വില്പന നടത്തുന്നത്.
പയർ,പടവലം, ചേന, ഇഞ്ചി, പാവൽ, വെള്ളരി, സലാഡ് വെള്ളരി എന്നിവയ്ക്ക് പുറമേ പച്ച തേങ്ങയും മിതമായ വിലയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, പഴവർഗങ്ങൾക്ക് തീവിലയാണ്. നേന്ത്രപഴം കിലോ 75 രൂപയിലെത്തിയപ്പോൾ രസകദളി (ഞാലി പൂവൻ) 110 രൂപ വരെയായി. വരും ദിവസങ്ങളിൽ പഴം വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. പ്രളയം ബാധിച്ചതാണ് വില വർദ്ധനയ്ക്കു കാരണം.
പൂവുകൾക്ക് താരതമ്യേനെ വിലകുറഞ്ഞത് ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും അത്തപ്പൂക്കളം ഒരുക്കാനും ക്ഷേത്രാവശ്യങ്ങൾക്കും പൂവ് തേടി പൂക്കടകളിലേക്ക് നല്ല ഒഴുക്കാണ്. 300 മുതൽ 400 രൂപ വരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന പ്രധാന പൂവുകൾ നൂറിൽ താഴെ വിലയ്ക്ക് ഇപ്പോൾ ലഭിക്കും. പ്രതിദിനം രണ്ടായിരം ക്വിന്റൽ പൂവാണ് നെടുമങ്ങാട് താലൂക്കിൽ വിറ്റഴിയുന്നത്.