നെയ്യാറ്റിൻകര: താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കാനുള്ള കാളിപ്പാറ ശുദ്ധജല പദ്ധതിയിലെ പൈപ്പ് ലൈൻ പിന്നെയും പൊട്ടി. ആശുപത്രി ജംഗ്ഷനിലെ റെയിൽവേ പാലത്തിന് സമീപം 700 എം.എം കാസ്റ്റ് അയൺ പൈപ്പാണ് കഴിഞ്ഞ ദിവസം പൊട്ടിയത്. 2002ൽ സ്ഥാപിച്ചതാണ് ഈ പൈപ്പുകൾ. പലഭാഗത്തും വിള്ളലുകളുമുണ്ട്. കാളിപ്പാറ പദ്ധതിയുടെ 700 എം.എം പൈപ്പിനെ ഓവർ ബ്രിഡ്ജിലൂടെ കടത്തിവിടാൻ 300 എം.എം പൈപ്പുമായി യോജിപ്പിക്കുന്ന കാസ്റ്റ് അയൺ പൈപ്പാണ് പൊട്ടി ഒരു മണിക്കൂറോളം വെള്ളം പാഴായത്. പൈപ്പ് പൊട്ടിയ വിവരം ജല അതോറിട്ടിയെ നാട്ടുകാർ അറിയിച്ചെങ്കിലും വാൽവ് അടയ്ക്കാൻ വൈകിയതുകാരണം ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായി.
മണ്ണിൽ കുഴിച്ചിട്ട പൈപ്പ് ലൈൻ പുറത്തെടുത്ത് പണികൾ ചെയ്യുക ഏറെ ദുഷ്കരമാണ്. ആലുംമൂട് മുതൽ കീളിയോടു വരെയായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റബറൈസിംഗ് ടാറിഗ് നടക്കവെയാണ് പൈപ്പ് പൊട്ടൽ. അതിനിടെ പൈപ്പ് നന്നാക്കാൻ വീണ്ടും റോഡ് കുത്തിപ്പൊളിക്കേണ്ടി വരുന്നത് വൻ പാഴ്ച്ചെലവാണ് വരുത്തി വയ്ക്കുന്നത്.
പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെയോടെ പൈപ്പ് ലൈൻ നവീകരണപ്രവർത്തനം തുടങ്ങി. 700 എം.എമ്മിന്റെ ഒരു കാസ്റ്റ് അയൺ പൈപ്പ് പൂർണമായും മാറ്റേണ്ടിവരും. പൈപ്പിൽ പലസ്ഥലത്തായി വിള്ളലുണ്ടായി. ഒരു ഭാഗത്തെ വിള്ളലിലെ പൈപ്പിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് വേസ്റ്റ് പുറത്തേക്കു വന്നനിലയിലായിരുന്നു. ഇതെങ്ങനെ വന്നുവെന്ന് ഇപ്പോൾ അന്വേഷിച്ചു വരികയാണ്.
വാൽവ് അടച്ചെങ്കിലും വെള്ളം കുത്തിയൊലിക്കുന്നത് ഇതേവരെ തടയാനായിട്ടില്ല. തൊഴുക്കലും വഴുതൂരും തുടർച്ചയായി കാളിപ്പാറ പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത് പതിവായതുകാരണം ജല അതോറിട്ടി വെള്ളത്തിന്റെ മർദ്ദം ലഘൂകരിക്കാനായി പെരുമ്പഴുതൂരും തൊഴുക്കലിലും വാൽവ് സ്ഥാപിച്ചു. അതിനുശേഷവും പൈപ്പ് പൊട്ടുകയാണ്.
പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ഇന്നലെ പൂർണമായും നഗരത്തിൽ കാളിപ്പാറയിൽനിന്നുള്ള കുടിവെള്ളവിതരണം മുടങ്ങി. ഇന്ന് മാത്രമേ പുനഃസ്ഥാപിക്കാനാകൂ. നിർമാണപ്രവർത്തനം വൈകിയാൽ ഓണത്തിനു ടൗണിൽ കുടിവെള്ളവിതരണം തടസപ്പെടാനാണ് സാദ്ധ്യത.
കാളിപ്പാറപദ്ധതിക്ക് 700 എം.എമ്മിന്റെ പൈപ്പാണ് സ്ഥാപിക്കേണ്ടത്. ചിലയിടത്ത് കാസ്റ്റ് അയണും ചിലയിടത്ത് ഡക്റ്റൈൽ അയൺ പൈപ്പുമാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ റെയിൽവേ ബ്രിഡ്ജിലൂടെ 700 എം.എമ്മിന്റെ പൈപ്പിനുപകരം 300 എം.എമ്മിന്റെ പൈപ്പാണ് സ്ഥാപിച്ചിട്ടുള്ളത്. റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ പൂർത്തീകരിച്ചാൽ മാത്രമേ ഓവർബ്രിഡ്ജിലൂടെ 700 എം.എം. പൈപ്പ് സ്ഥാപിക്കാൻ അനുമതി ലഭിക്കൂ. അതുകൊണ്ട് ഓവർബ്രിഡ്ജ് തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും കപ്ലിംഗ് ഇട്ടാണ് 700 എം.എം പൈപ്പിനെ 300 എം.എം പൈപ്പുമായി യോജിപ്പിച്ചിട്ടുള്ളത്. 700 എം.എം. പൈപ്പിൽനിന്നു വെള്ളം 300 എം.എം. പൈപ്പിലേക്കു കയറുമ്പോഴുള്ള ശക്തമായ മർദ്ദം കാരണമാണ് പൈപ്പ് പൊട്ടുന്നത്. ഇതിനുപരിഹാരമായി ഓവർ ബ്രിഡ്ജ് തുടങ്ങുന്നതിനു മുൻപായി വാൽവ് സ്ഥാപിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇവിടെയൊഴിച്ച് രണ്ടിടത്തു മാത്രമാണ് വാൽവ് സ്ഥാപിച്ചത്.