വർക്കല: ടൂറിസം വികസനത്തിന് നിർണായക സാദ്ധ്യതയുള്ള കുളമുട്ടം കായലിനെ അവഗണിക്കുന്നതായി പരാതി. മനോഹരമായ കായൽതീരമുള്ള കുളമുട്ടത്ത് ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അംഗീകരിക്കാൻ ടൂറിസം വകുപ്പും ജനപ്രതിനിധികളും തയ്യാറായിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് കയർ മേഖലയിൽ ശക്തമായിരുന്നു കുളമുട്ടം. കഠിനംകുളം കായലിന്റെയും അകത്തുമുറി കായലിന്റെയും ഭാഗമാണ് കുളമുട്ടം കായൽ. ചിറയിൻകീഴ് പുളിമൂട്ടിൽകടവ്, കൊല്ലംപുഴക്കടവ് എന്നിവിടങ്ങളിൽ ടൂറിസം ഫെസിലിറ്റേഷൻ സെന്ററും ചിൽഡ്രൻസ് പാർക്കും ഒരുക്കുകയും ആറിടങ്ങളിലായി ബോട്ട് ജെട്ടികളും സ്ഥാപിച്ചിരുന്നു. എന്നാൽ ഇത്തരം ഒരു സൗകര്യവും കുളമുട്ടം ഭാഗത്ത് ഇനിയും ലഭ്യമാക്കിയിട്ടില്ല. നിലവിൽ അകത്തുമുറി പണയിൽ കടവിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉല്ലാസ ബോട്ട് മാത്രമാണ് വിനോദസഞ്ചാരികൾക്ക് ഏകാശ്രയം. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് അനുയോജ്യമായ തീരമാണ് കുളമുട്ടംകായൽ. ബോട്ടിംഗ്, സാഹസിക ടൂറിസം, വള്ളംകളി എന്നിവയ്ക്കെല്ലാം അനുയോജ്യമാണ്. കുളമുട്ടം പ്രദേശത്തേക്ക് ഗതാഗത സൗകര്യങ്ങളുടെ അഭാവവും പരിഹരിക്കാൻ അധികൃതർക്ക് കഴിയാതെ പോവുകയാണ്. ഏഴോളം സ്വകാര്യ ബസുകൾക്ക് റൂട്ട് പെർമിറ്റ് ഉണ്ടെങ്കിലും ഒരു ബസ് മാത്രമാണ് ഇവിടെ വന്നുപോകുന്നത്. ആകെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിയിട്ട് എട്ട് വർഷം പിന്നിടുന്നു. കുളമുട്ടം കടവിൽ നിന്നും അകത്തുമുറിയിലേക്കുണ്ടായിരുന്ന കടത്തു സർവീസ് നിറുത്തിയിട്ട് വർഷങ്ങളായി. ഇതുമൂലം കുളമുട്ടം നിവാസികൾക്ക് ട്രെയിൻ യാത്ര ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടാണ്. ആകെയുളള സ്വകാര്യ ബസ് പോയാൽ പിന്നെ കാൽനടയായി കവലയൂരിലെത്തി വേണം യാത്ര തുടരേണ്ടത്. ചുരുക്കത്തിൽ കുളമുട്ടം പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിനും പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് മെച്ചപ്പെട്ട ടൂറിസം പദ്ധതികൾ കുളമുട്ടത്ത് ആവിഷ്കരിച്ച് നടപ്പാക്കിയാൽ ഈ പ്രദേശത്തിന്റെ തന്നെ മുഖച്ഛായ മാറുമെന്ന് പ്രദേശവാസികൾ പറയുന്നു.
യാത്ര ക്ലേശം രൂക്ഷം
സർവീസുള്ളത്
സ്വകാര്യ ബസ് - 1(പെർമിറ്റുള്ളത് - 6 ബസുകൾക്ക്)
കെ.എസ്.ആർ.ടി.സി - 1
കടത്തു വള്ളവുമില്ല
വേണ്ട പദ്ധതികൾ
ബോട്ടിംഗ്
സാഹസിക ടൂറിസം
വള്ളംകളി
നിലവിലുള്ളത്
സ്വകാര്യ വ്യക്തിയുടെ ഉല്ലാസ ബോട്ട് മാത്രം
മനോഹരം പ്രദേശം
പ്രകൃതി രമണീയമായ കാഴ്ചകളാൽ സമ്പന്നമാണ് കുളമുട്ടം കായൽ. തെങ്ങിൻതോപ്പുകളും കണ്ടൽച്ചെടികളും കായൽ തീരത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
കുളമുട്ടത്തെ യാത്രാദുരിതത്തിന് പരിഹാരം കാണണം. ഇവിടെ ടൂറിസം പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് ബന്ധപ്പെട്ട വകുപ്പും സർക്കാരും ജനപ്രതിനിധികളും മുന്നോട്ട് വരേണ്ടതുണ്ട്.
അഡ്വ. എസ്. കൃഷ്ണകുമാർ, ആർ.എസ്.പി സംസ്ഥാനകമ്മിറ്റി അംഗം