തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരം പന്ത്രണ്ട് ദിവസം പിന്നിട്ടു. സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച് തിരുവോണ നാളിൽ കവയിത്രി സുഗതകുമാരി ഉപവാസമിരിക്കും. നേരത്തെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, വി. മധുസൂദനൻ നായർ എന്നിവരും തിരുവോണ നാളിൽ സമരപ്പന്തലിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.സമരപ്പന്തലിൽ ഇന്നലെ നടന്ന ചിത്രകാര സംഗമത്തിൽ ബൈജു പുനുക്കൊന്നൂർ, കുസുമം, ശശിധരൻ കുണ്ടറ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥി മലയാളവേദിയുടെ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് സർവകലാശാലാ ഗവേഷക വിദ്യാർത്ഥിയുമായ പി.സുഭാഷ് കുമാറാണ് സമരപ്പന്തലിൽ നിലവിൽ നിരാഹാരമിരിക്കുന്നത്. ഡോ പി.കെ.തിലക്, ദീപിക റസിഡന്റ് മാനേജർ ഫാ. തോമസ് കുഴിനപ്പുറത്ത്, എം.വി. തോമസ് തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് സംസാരിച്ചു. സമരപ്പന്തലിലെത്തിയ മൈത്രി ബുക്സ് ഡയറക്ടർ ലാൽസലാം 8,000 രൂപയുടെ പുസ്തകങ്ങളാണ് ഇന്നലെ സമരക്കാർക്ക് കൈമാറിയത്. പുസ്തകം വിറ്റുകിട്ടുന്ന തുക സമരത്തിനാവശ്യമായ ചെലവുകൾക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പി.എൻ. ഗോപീകൃഷ്ണൻ, പി.രാമൻ, ഡി.യേശുദാസ്, വിനോദ് വൈശാഖി,കുരീപ്പുഴ ശ്രീകുമാർ, റഫീഖ് അഹമ്മദ് , അൻവർ അലി, അനിത തമ്പി, എസ്. ജോസഫ്, അശോകൻ ചരുവിൽ, അയ്മനം ജോൺ, പി.എഫ്. മാത്യൂസ്, ഇ. സന്തോഷ് കുമാർ, എസ് ഹരീഷ്, സി.എസ്. ചന്ദ്രിക, മധുപാൽ, വിനോയ് തോമസ്, ബി. മുരളി, വിനു എബ്രഹാം, എം.എ. സിദ്ദിഖ്, എസ്.ആർ. ലാൽ, കെ.എസ്. രതീഷ്, വിവേക് ചന്ദ്രൻ, അനൂപ് ശശികുമാർ,കാരയ്ക്കാമണ്ഡപം വിജയകുമാർ തുടങ്ങിയവർ ഇന്നും നാളെയുമായി സമരപ്പന്തലിലും നിരവധി എഴുത്തുകാർ വീട്ടിലും ഉപവസിക്കുമെന്ന് സംയുക്ത സമരസമിതി കൺവീനർ ആർ. നന്ദകുമാർ അറിയിച്ചു.