തിരുവനന്തപുരം:കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌​ടോബർ നാലിന് ദുബായിൽ ചെറുകിട, ഇടത്തരം വ്യവസായികളുടെ സമ്മേളനം നടത്തുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്റിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ൽ കേരള പുനർനിർമാണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിന് ഇൻവെസ്​റ്റ്‌​മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്റി പറഞ്ഞു.
മറ്റ് പ്രഖ്യാപനങ്ങൾ:

 വെള്ളപ്പൊക്കം ഉൾപ്പെടെ ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽട്ടറുകൾ നിർമ്മിക്കും. ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് പുതിയ വീടുകൾ നിർമിക്കുന്നത് വരെ താമസിക്കുന്നതിന് സംവിധാനമൊരുക്കും.

 പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പഠനത്തിൽ മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങളും പരിഗണിക്കും. മൂന്നു മാസത്തിനകം കമ്മി​റ്റി റിപ്പോർട്ട് സമർപ്പിക്കും.

 നദികൾ പുനരുജ്ജീവിപ്പിക്കുന്നതിന് നാട്ടുകാരുടെയും വിദേശ മലയാളികളുടെയും സഹകരണം ഉറപ്പാക്കും.കോർപ്പറേ​റ്റ് കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടും പരിഗണിക്കും.
 വീടുകൾ പുനർനിർമിക്കുന്നതിനുള്ള നാലു ലക്ഷം രൂപയിൽ ആദിവാസി മേഖലയിൽ വർദ്ധന വരുത്തും. .. പ്രീഫാബ് രീതിയിൽ വലിയ സർക്കാർ കെട്ടിടങ്ങൾ നിർമിച്ച് മാതൃക കാട്ടും. ഇത് സംബന്ധിച്ച് ആർക്കിടെക്ടുകളും അന്താരാഷ്ട്ര ഏജൻസികളുമായി ചർച്ച നടത്തും. പ്രീഫാബ് നിർമാണത്തിനാവശ്യമായ സാമഗ്രികൾ തയ്യാറാക്കുന്ന ഫാക്ടറികളും സ്ഥാപിക്കും.
വലിയ വീടുകൾ നിർമിക്കുന്നവരുടെ നികുതി വർദ്ധിപ്പിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്ലാനിംഗ് ബോർഡ് മുൻ അംഗം ജി. വിജയരാഘവനും ഡോ. കെ. പി. കണ്ണനും നിർദ്ദേശിച്ചു. മലയോരമേഖലയിൽ കൃഷി ഒഴിവാക്കേണ്ടതില്ല. അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറണം.