തിരുവനന്തപുരം: വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വിപണിയൊരുക്കുന്നതിനും ഇന്ത്യയിലാദ്യമായി വനിതകളുടെ ആഗോള വ്യാപാര കേന്ദ്രം കേരളത്തിൽ സജ്ജമാക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കോഴിക്കോട് ജെൻഡർ പാർക്ക് കാമ്പസിൽ വ്യാപാരകേന്ദ്രം ഒരുക്കുന്നത്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ ജെൻഡർ പാർക്കിന്റെ സുപ്രധാന പദ്ധതിയാണിത്. ജെൻഡർ പാർക്കിന്റെ 'വിഷൻ 2020' അടിസ്ഥാനമാക്കി ആദ്യഘട്ടം 2021ൽ പൂർത്തിയാകും.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരേയും ഭിന്നശേഷിക്കാരേയും ട്രാൻസ്‌ജെൻഡർമാരെയും മുഖ്യധാരയിലെത്തിച്ച് സംരംഭകത്വ ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നൽകും.
ഹൈടെക് സൗകര്യം
വനിതാ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും ഹൈടെക്കായ് ഇൻകുബേറ്റ് ചെയ്യാൻ സൗകര്യമൊരുക്കും. ഓഫീസിനായി സ്വകാര്യമായി ഉപയോഗിക്കാവുന്നതും പങ്കുവയ്ക്കാവുന്നതുമായ സ്ഥലസൗകര്യങ്ങളും ലഭ്യമാക്കും.
സംരംഭകരുടെ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന ഔട്ട്‌ലെറ്റ്
സ്റ്റാർട്ടപ്പുകൾ, ഇൻകുബേഷൻ സെന്ററുകൾ, റീട്ടെയിൽ ഫാഷൻ സാങ്കേതികവിദ്യാ കേന്ദ്രങ്ങൾ, ആരോഗ്യ വെൽനെസ് കേന്ദ്രങ്ങൾ, ബിസിനസ് സെന്ററുകൾ, ഓഫീസുകൾ
കൺവെൻഷൻ, എക്സിബിഷൻ സെന്ററുകൾ, വനിതകൾക്കായുള്ള കലാപ്രകടന കേന്ദ്രങ്ങൾ, ഷോർട്ട് സ്റ്റേ അക്കോമഡേഷൻ, കുട്ടികൾക്കും വൃദ്ധജനങ്ങൾക്കുമുള്ള ഡേ കെയർ
കേരളത്തിലെ വനിതകൾ സംരംഭകത്വത്തിലേക്കും സ്വയംതൊഴിലുകളിലേക്കും ചുവടുറപ്പിക്കുന്ന കാലത്ത് ആഗോള വനിതാ വ്യാപാര കേന്ദ്രം സുപ്രധാനമാണ്. വീടുകളിൽ ഒതുങ്ങിക്കൂടാതെ സമൂഹത്തിന്റെ മുഖ്യധാരയിലെത്താനും മികച്ച സംരംഭകരാകാനും ഇത് വനിതകളെ സഹായിക്കും.
-മന്ത്രി കെ.കെ ഷൈലജ