തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ കണ്ണൂർ എയർപോർട്ട് അതോറിട്ടിക്കും (കിയാൽ) സർക്കാർ സി.എ.ജി ഓഡിറ്റ് നിഷേധിച്ചത് കോടികളുടെ അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്നത് സി.എ.ജി കൈയോടെ പിടികൂടുമെന്ന ഭയമാണ് സർക്കാരിനെ ഇതിന് പ്രേരിപ്പിക്കുന്നത്. സി.എ.ജിക്ക് കിഫ്ബിയുടെ ഓഡിറ്റ് നിഷേധിച്ച നടപടിയെ തികച്ചും വസ്തുതാവിരുദ്ധമായ കാരണങ്ങൾ നിരത്തിയാണ് ധനമന്ത്രി ന്യായീകരിക്കാൻ ശ്രമിച്ചത്. താൻ ഉന്നയിച്ച വാദങ്ങൾക്ക് സർക്കാരും ധനമന്ത്രിയും ഉത്തരം നൽകാതെ ഒളിച്ചോടുകയാണ്. പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നതിന്റെ എറ്റവും വലിയ തെളിവാണ് സി.എ.ജി ഓഡിറ്റ് തടയൽ. 2015 - 16 വരെ കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സി.എ.ജിയാണെങ്കിലും 2017 മുതൽ സർക്കാർ വിചിത്രമായ വാദമുയർത്തി ഓഡിറ്റ് തടഞ്ഞിരിക്കുകയാണ്. 65 ശതമാനം പൊതുമേഖലാ ഓഹരിയുള്ള കിയാൽ സർക്കാർ കമ്പനിയല്ലെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയ നിയമപ്രകാരം കിയാൽ സർക്കാർ കമ്പനി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ടാണ് സർക്കാർ ഓഡിറ്റ് അനുമതി നിഷേധിക്കുന്നത്. കിഫ്ബിയുടെയും കിയാലിന്റെയും പ്രവർത്തനങ്ങളെ ഓഡിറ്റ് ചെയ്യാനുള്ള അനുമതി സി.എ.ജിക്ക് നൽകാൻ സർക്കാർ അടിയന്തരമായി നടപടികളെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.