വിതുര: ഒാണാവധിയും മികച്ച കാലാവസ്ഥയും പൊൻമുടിയെ ജനസാഗരമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വൻതിരക്കാണ് പൊൻമുടിയിലും പരിസരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അനുഭവപ്പെടുന്നത്. ഇൗ സീസണിലെ ഏറ്റവും മികച്ച കാലാവസ്ഥയാണ് ഇപ്പോൾ പൊൻമുടിയിൽ. മൂടൽമഞ്ഞും കുളിർകാറ്റും ചാറ്റൽമഴയും മാറിമാറി വ്യാപിക്കുന്നത് സഞ്ചാരികളിൽ ആവേശമുണർത്തുകയാണ്.
ഉച്ച കഴിഞ്ഞാൽ പൊൻമുടി മേഖലയിൽ മുഴുവൻ മൂടൽമഞ്ഞ് വ്യാപിക്കുകയാണ്. മഞ്ഞ് കല്ലാർ വരെയും ചില ദിവസങ്ങളിൽ കിലോമീറ്ററുകൾ അകലെ വിതുര വരെയും വ്യാപിക്കുന്നുണ്ട്. കനത്ത മൂടൽ മഞ്ഞ് കാരണം കല്ലാർ ഗോൾഡൻവാലി മുതൽ പൊൻമുടിവരെ വാഹനങ്ങൾക്ക് ലൈറ്റ് തെളിച്ച് മാത്രമേ സഞ്ചരിക്കാനാകുന്നുള്ളു. ഒാണം പ്രമാണിച്ച് ടൂറിസംവകുപ്പും സർക്കാരും പ്രത്യേക പരിപാടികളൊന്നും പൊൻമുടിയിൽ സംഘടിപ്പിച്ചിട്ടില്ലെങ്കിലും ഒാണനാളുകളിൽ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹം തുടരുകയാണ്. മഞ്ഞ് പടർന്നുകിടക്കുന്ന 22 ഹെയർപിൻ വളവുകൾ താണ്ടിയുള്ള പൊൻമുടി യാത്ര ഒരു ആകാശയാത്രയുടെ ത്രില്ലാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. യാത്രയ്ക്കിടയിൽ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. അതേസമയം ലക്ഷക്കണക്കിന് സഞ്ചാരികളെത്തുകയും അതുവഴി വൻവരുമാനം ലഭിക്കുകയും ചെയ്തിട്ടും യാതൊരു വികസനപ്രവർത്തനങ്ങളും പൊൻമുടിയിൽ നടപ്പിലാക്കുന്നില്ലെന്ന് പരാതിയുണ്ട്. പൊൻമുടിയുടെ വികസനത്തിനായി മാറി മാറി വരുന്ന സർക്കാരുകൾ പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ഇതുവരെയും നടപ്പായിട്ടില്ല.
സഞ്ചാരികൾ സൂക്ഷിക്കണം
പൊൻമുടിയിലെത്തുന്ന ടൂറിസ്റ്റുകൾ ജാഗ്രതപുലർത്തണമെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്. കുറച്ചു ദിവസം മുൻപ് പൊൻമുടി സന്ദർശിക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥനെ ശക്തമായ മൂടൽ മഞ്ഞ് വീഴ്ചയെ തുടർന്ന് കാണാതായിരുന്നു. ഇയാളെ മൂന്ന് മണിക്കൂറിന് ശേഷമാണ് പൊലീസും വനപാലകരും ചേർന്ന് കണ്ടെത്തിയത്. അഗാധമായ കൊക്കകളുള്ള ഇവിടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്.
കുളയട്ട വ്യാപകം
പൊൻമുടി മേഖലയിൽ മഴയും മഞ്ഞും വ്യാപിച്ചതോടെ കുളയട്ട ശല്യവും വ്യാപകമായിട്ടുണ്ട്. രക്തമൂറ്റിക്കുടിക്കുന്ന കുളയട്ടകൾ സഞ്ചാരികൾക്ക് ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സഞ്ചാരികളെ കുളയട്ടകൾ കടിച്ചു.