തിരുവനന്തപുരം:ഓണനാളുകളിൽ പ്രത്യേക പൂജകൾക്കായി ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര നട ഇന്നലെ വൈകിട്ട് 5 ന് തുറന്നു.
ക്ഷേത്ര തന്ത്റി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു.തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവിൽ നടകൾ തുറന്ന് വിളക്കുകൾ തെളിച്ച.ശേഷം തന്ത്റി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ അഗ്നി തെളിച്ച ശേഷം, ഇരുമുടി കെട്ടേന്തി ശരണം വിളികളുമായി കാത്തുനിന്ന അയ്യപ്പഭക്തർ പതിനെട്ടാം പടി കയറി ദർശനം നടത്തി.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, എന്നിവർ അയ്യപ്പ ദർശനത്തിനെത്തിയിരുന്നു.ഉത്രാടദിനമായ ഇന്ന് പുലർച്ചെ 5 ന് മേൽശാന്തി നിർമ്മാല്യവും നെയ്യഭിഷേകവും നടത്തും.തിരുവോണ ദിനത്തിൽ ഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ നൽകും. 13 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
കന്നിമാസ പൂജകൾക്കായി 16 ന് വീണ്ടും തുറക്കും. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവയുണ്ടാകും.കന്നിമാസ പൂജകൾ പൂർത്തിയാക്കി 21 ന് ക്ഷേത്രനട അടയ്ക്കും.