boat

കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആനപരിപാലനകേന്ദ്രത്തിൽ നെയ്യാർ ജലാശയത്തിൽ സഞ്ചാരികൾക്കായി മുളം ചങ്ങാടങ്ങൾ കന്നി യാത്ര നടത്തി. കാനനഭംഗി ആസ്വദിച്ച് ജലാശയത്തിലൂടെ സഞ്ചരിക്കാനാണ് വനം വകുപ്പ് ചങ്ങാട യാത്രയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. പത്തു പേർക്കും, ആറുപേർക്കും സഞ്ചരിക്കാവുന്ന രണ്ട് ചങ്ങാടങ്ങളാണ് കഴിഞ്ഞ ദിവസം നീറ്റിലിറങ്ങിയത്. കാപ്പുകാട് മുൻ ഡെപ്യൂട്ടി വാർഡൻ അനിൽകുമാർ, ഡെപ്യൂട്ടി വാർഡൻ സതീശൻ, രഞ്ജിത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ആദ്യയാത്ര ആരംഭിച്ചത്. ഒരാൾക്ക് നൂറ് രൂപ നൽകിയാൽ അരമണിക്കൂർ ജലാശയത്തിലൂടെ സഞ്ചരിക്കാം. മിനിമം തുക അഞ്ഞൂറ് രൂപയാണ്. പത്തടിയോളം നീളമുള്ള 42 മുളകൾ രണ്ടു തട്ടായി കയർ കൊണ്ട് വരിഞ്ഞു കെട്ടിയാണ് ചങ്ങാടം ഉണ്ടാക്കിയിട്ടുള്ളത്. ഇതിനു മുകളിൽ ഇരുവശവും യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഒരു വശത്ത് തുഴക്കാരനുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. മറ്റൊരിടത്തും ഓണക്കാലത്ത് ചങ്ങാട യാത്ര ഇല്ലാത്തതും, ബോട്ടുകളെ അപേക്ഷിച്ച് ആയാസമില്ലാതെ പ്രായം ചെന്നവർക്കും കുട്ടികൾക്കും കയറാനും ഇറങ്ങാനും സാധിക്കുമെന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കും.പെഡൽ ബോട്ടും യന്ത്ര ബോട്ടും ഉണ്ടെങ്കിലും ആദ്യ ദിനം തന്നെ ചങ്ങാട യാത്രയാണ് സഞ്ചാരികൾ കൂടുതലും തിരഞ്ഞെടുത്തത്. ഓണത്തോടനുബന്ധിച്ച് കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ട്രക്കിംഗിനും, ആനകളെ അടുത്തറിയുന്നതിനുമൊപ്പം ജലാശയത്തിലൂടെ ചങ്ങാടയാത്രയ്ക്കും ഇക്കുറി സാധിക്കും.