attack

നേമം: കരമനയിലെ ബിയർ പാർലറിൽ നിന്നു മദ്യപിച്ചു പുറത്തിറങ്ങിയ യുവാവിനെ ബിയർകുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പൂജപ്പുര സ്വദേശി നന്ദു , തമലം സ്വദേശി അനൂപ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാത്രി 10.30 ഓടെ കരമനയിലെ ഒരു ബിയിർപാർലറിനു സമീപത്തു വച്ചാണ് യുവാവിന് കുത്തേറ്റത്. ബിയർപാർലറിൽ നിന്ന് മദ്യപിച്ച ശേഷം ബിയർ കുപ്പിയുമായി പുറത്തിറങ്ങിയ വലിയശാല സ്വദേശി ശങ്കറിനാണ് (32) കുത്തേറ്റത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ശങ്കറുമായി വാക്കേറ്റമുണ്ടാവുകയും ഇതിനു ശേഷം സമീപത്തുള്ള സി.എ.ടി റോഡിൽ വച്ച് ശങ്കറിന്റെ കൈവശമുണ്ടായിരുന്ന ബിയർകുപ്പി കൊണ്ട് ഇയാളുടെ വയറ്റിൽ കുത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബിയർ പാർലറിന് സമീപത്തെ ഒരു ഷോപ്പിലെ സി.സി. ടിവി ദൃശ്യങ്ങളും ശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് കരമന പൊലീസ് അറിയിച്ചു.