police

വെഞ്ഞാറമൂട്: പൊലീസ് നടപ്പാക്കിയ പുതിയ ട്രാഫിക് പരിഷ്കരണം ഫലം കണ്ടുതുടങ്ങിയതോടെ ഓണക്കാലത്തെ ഗതാഗതക്കുരുക്കിൽ നിന്ന് വെഞ്ഞാറമൂട് ടൗണിന് മോചനമായി.

എം.സി റോഡിലെ ഏറ്റവും അധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് വെഞ്ഞാറമൂട്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ ഗതാഗതക്കുരുക്കിൽ പെട്ട് നട്ടം തിരിയുന്നത്. ടൗണിൽ മുൻപും പൊലീസ് പല തലണ ട്രാഫിക് പരിഷ്കാരം നടത്തി പരാജയപ്പെട്ടതിനാൽ വളരെ കരുതലോടെയാണ് ഇത്തവണത്തെ ക്രമികരണങ്ങൾ നടത്തിയത്. ഓണക്കാലങ്ങളിലും ഉത്സവ സമയങ്ങളിലും ഗതാതഗതക്കുരുക്ക് കുക്ക് കിലോമീറ്ററുകൾ നീളും.

എം.സി റോഡിൽ തണ്ട്റാം പൊയ്ക മുതൽ തൈയ്ക്കാട് ബൈപാസ് വരെയും, ആറ്റിങ്ങൽ റോഡിൽ പെട്രോൾ പമ്പ് വരെയും, കിഴക്കേ റോഡിൽ സുഹാസ് ഓഡിറ്റോറിയം വരെയും രൂക്ഷമായ ഗതാഗതക്കുരുക്ക് നീളും. എന്നാൽ ഇത്തവണ വെഞ്ഞാറമൂട് പൊലീസിന്റെ ട്രാഫിക് പരിഷ്കാരം ഏറെ കുറെ വിജയിച്ചിരിക്കുകയാണ്.

വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ കൂടി മുന്നിൽ കണ്ടാണ് ട്രാഫിക് പരിഷ്കരണ പദ്ധതി തയ്യാറാക്കി പരീക്ഷിച്ചത് അനധികൃത വാഹന പാർക്കിംഗ് പൂർണമായും ഒഴിവാക്കാൻ നടപടികളെടുത്തു. ഏഴ് ട്രാഫിക് വാർഡൻമാരെയും പത്തോളം പൊലീസ് ഉദ്യോഗസ്ഥന്മാരെയും ടൗണിൽ വിവധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാനായി നിയോഗിച്ചു. ട്രാഫിക് ‌ഡ്യുട്ടിയിൽ നിയോഗിച്ചിട്ടുള്ള പൊലീസുകാർക്ക് നിർദ്ദേങ്ങളുമായി സി.ഐ കെ. ജയൻ, എസ്.ഐ ബിനിഷ് എന്നിവരും ഒപ്പമുണ്ട്. ട്രാഫിക് പരിഷ്കരണം ഫലം കണ്ടു തുടങ്ങിയതോടെ ഓണത്തിന് ശേഷവും ട്രാഫിക് വാർഡൻമാരെ ഇവിടെ സ്ഥിരമായി നിയോഗിക്കും. അതിനായി വെഞ്ഞാറമൂട് ടൗൺ മുസ്ലിം ജമാഅത്തും, ലീലാരവി ഹോസ്പിറ്റലും, സെന്റ് ജോൺസ് ഹോസ്പിറ്റലും സഹായങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങളുടെ സഹായം ലഭിക്കുകയാണെങ്കിൽ കൂടുതൽ ട്രാഫിക് വാർഡൻമാരെ ആറ്റിങ്ങൽ റോഡിലും, കിഴക്കേ റോഡിലും നിയമിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും പൊലീസ് പറയുന്നു.