v-muraleedharan

തിരുവനന്തപുരം:.താൻ അംഗമായ കേന്ദ്രത്തിലെ രണ്ടാം മോദി സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളെ വിലയിരുത്തുകയാണ് കേന്ദ്ര പാർലമെന്ററി-​ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കർഷകരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ശാക്തീകരിക്കുന്നതിനൊപ്പം ,രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതിലും ഉറച്ച കാൽവയ്പുകളാണ് നടത്തിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട 10 നേട്ടങ്ങൾ അദ്ദേഹം എടുത്തുകാട്ടുന്നു.

1. കാശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് വിഘടന വാദികൾക്ക് പ്രേരണ നൽകുന്നതാണ്. ഇതും, കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എയും നീക്കം ചെയ്തത് ചരിത്ര നേട്ടമാണ്. ഇത് കാശ്മീരിനെ ദേശീയ മുഖ്യധാരയുടെ ഭാഗമാക്കും.

2. ലോക സാമ്പത്തിക രംഗത്ത് ഇന്ത്യ 2014ൽ പരിനൊന്നാം സ്ഥാനത്തായിരുന്നു. ഇന്ന് ആദ്യത്തെ അഞ്ച് രാജ്യങ്ങളിലൊന്നായി. ദേശസാത്കൃത ബാങ്കുകളുടെ ലയനവും പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ വായ്പ നൽകാൻ പണം അനുവദിച്ചതും സാമ്പത്തിക നേട്ടങ്ങളുണ്ടാക്കും.നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ റെക്കോ‌‌ഡ് വർദ്ധന.

3. മുത്തലാഖ് ചെറുക്കാനുള്ള നിയമനിർമ്മാണം സ്ത്രീ സമൂഹത്തിനാശ്വാസമാണ്. മോദി സർക്കാർ സാമൂഹ്യമാറ്രത്തിനായി ധീരോദാത്തമായ നടപടികളാണ് കൈക്കൊള്ളുന്നത്.

4 .കർഷകർക്ക് പ്രധാനമന്ത്രിയുടെ ധനസഹായത്തിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഇത് ലഭിക്കുന്നവരുടെ എണ്ണം 6.37 കോടിയായി. രാജ്യത്തെ കർഷകരോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണിത്.

5. ഇന്ത്യയിൽ എല്ലാവർക്കും സ്വന്തമായി വീട് എന്ന ലക്ഷ്യത്ത്ന് തുടക്കമായി. 2021ൽ പ്രധാൻമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 1.95 കോടി വീടുകൾ പൂർത്തിയാക്കും. . 2022 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും വൈദ്യുതി, പാചകവാതക കണക്ഷന്‍ ഉറപ്പാക്കും

6. മലിനീകരണവും ഇന്ധനച്ചെലവും കുറയ്ക്കാൻ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണത്തിന് സർക്കാർ മുൻകൈ.ഘനവ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫെയിം ഇന്ത്യയുടെ ഭാഗമായി 64 നഗരങ്ങൾക്ക് 5595 ഇലക്ട്രിക് ബസുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 250 ബസുകൾ കേരളത്തിനു നൽകും.

7. പാകിസ്ഥാൻ നിന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും മറ്ര് അയൽ രാജ്യങ്ങളുമായുള്ള ബന്ധം സർക്കാർ സുദൃഢമാക്കി. ഇന്ത്യയുടെ സ്വാധീനം ലോകമണ്ഡലത്തിൽ വർദ്ധിച്ചു. റഷ്യയുമായുള്ള ബന്ധം ശക്തമാക്കി.

8. പാർലമെന്റിന്റെ ഇരുസഭകളും. കൂടുതൽ സമയം സമ്മേളിച്ചുവെന്ന് മാത്രമല്ല ജനോപകാര പ്രദമായ ഒട്ടേറെ നിയമങ്ങൾ പാസ്സാക്കിയെടുക്കാനും കഴി‌ഞ്ഞു. ആദ്യ സമ്മേളനത്തിൽ തന്നെ മുത്തലാഖ്, മോട്ടോർവാഹന ഭേദഗതി തുടങ്ങി 38 ഓളം ബില്ലുകളാണ് പാസ്സാക്കിയത്.

9. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ മുമ്പില്ലാത്ത വിധത്തിലുള്ള മുന്നേറ്രാണ് കാഴ്ചവച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പിലാക്കും.

10. ജി.എസ്. ടി ,ആദായ നികുതി നിയമങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ വരുത്തി. കോർപ്പറേറ്ര് നിയമങ്ങളടെ പരിഷ്കരണവും നേട്ടമാണ്. .