തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ലംഘനത്തിന്റെ മറവിൽ ജനത്തെ കൊള്ളയടിക്കുന്ന കേന്ദ്രനിയമം അപ്പാടെ നടപ്പിലാക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ ഊരാക്കുടുക്കിൽ. കേന്ദ്രനിയമം സെപ്‌തംബർ ഒന്നിന് നടപ്പിലാക്കുമെന്ന് കാണിച്ച് ആഗസ്റ്റ് 31ന് തന്നെ സംസ്ഥാനം വിജ്ഞാപനമിറക്കിയിരുന്നു. ഇത് റദ്ദാക്കുക എളുപ്പമല്ല. വാഹന പരിശോധനയുടെ പേരിൽ അമിത പിഴ ഈടാക്കുന്നത് നീട്ടിക്കൊണ്ടു പോവുക മാത്രമാണ് തത്കാലിക വഴി.
പാർലമെന്റ് പാസാക്കിയ നിയമത്തെ മറികടന്ന് മറ്റൊന്നു കൊണ്ടു വരാൻ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് ഗതഗത വകുപ്പിന് ലഭിച്ച നിയമോപദേശം. പ്രത്യേക സാഹചര്യമെന്ന് വാദിച്ച് ഓർഡിനൻസോ നിയമമോ കൊണ്ടു വരണമെങ്കിൽ കേന്ദ്ര ഗതാഗത, ആഭ്യന്തര, നിയമ വകുപ്പുകളുടെ അനുവാദം വേണം. ഇങ്ങനെയുള്ള ഓർഡിനൻസിനും നിയമത്തിനും രാഷ്ട്രപതിയുടെ അംഗീകാരവും വേണം.
വൻ പിഴ കുറയ്‌ക്കാനുള്ള സാദ്ധ്യത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിരിക്കുകയാണിപ്പോൾ. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതു വരെ അമിത പിഴ ഈടാക്കരുതെന്ന നിർദ്ദേശവും മോട്ടോർ വാഹന വകുപ്പിനും പൊലീസിനു നൽകി. കിള്ളി പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും പാലാ ഉപതിരഞ്ഞെടുപ്പുമെല്ലാം കണക്കിലെടുത്താണ് സർക്കാരിന്റെ താത്‌കാലിക തടിതപ്പൽ.
പിഴ ഈടാക്കലിലൂടെ മോട്ടോർവാഹന വകുപ്പിനും ആഭ്യന്തര വകുപ്പിനും വലിയൊരു തുക വരുമാനം നേടാമെന്നായിരുന്നു കണക്കുകൂട്ടൽ. ബോധവത്കരണത്തിന് ശേഷം പിഴ ഈടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സെപ്തംബർ ഒന്നിനു തന്നെ നടപ്പാക്കുകയായിരുന്നു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ പതിനായിരം രൂപ വരെ പിഴ ഈടാക്കാമെന്നാണ് നിയമം. എന്നാൽ പതിനായിരത്തിൽ ഒരു രൂപ പോലും കുറയ്‌ക്കാതെ തന്നെ ഈടാക്കുകയായിരുന്നു. ബോധവത്കരണമാകട്ടെ ചിലയിടങ്ങളിൽ പത്ത് പതിനഞ്ച് മിനിട്ട് നീണ്ട ചടങ്ങുമായി.
ആദ്യം എതിർത്തത് ബംഗാൾ
കേന്ദ്രം നിയമം നടപ്പിലാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് പശ്ചിമ ബംഗാൾ സർക്കാരാണ്. മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, തമിഴ്നാട് സർക്കാരുകളും തത്കാലം നിയമം നടപ്പിലാക്കേണ്ടെന്നു തീരുമാനിച്ചു. ഗുജറാത്ത്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങൾ ബോധവത്കരണത്തിനു ശേഷം നിയമം നടപ്പിലാക്കിയാൽ മതിയെന്ന തീരുമാനത്തിലാണ്.
എന്തിനീ വ്യഗ്രത
കേന്ദ്രം 2013ൽ പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കേരളം പൂർണമായി നടപ്പിലാക്കിയത് കഴിഞ്ഞ വർഷമാണ്. അതും കേന്ദ്രം പലവട്ടം മുന്നറിയിപ്പ് നൽകിയ ശേഷം. പക്ഷേ മോട്ടോർ വാഹന പിഴത്തുക ഉയർത്തിയ നിയമം അന്ന് തന്നെ നടപ്പിലാക്കുകയും ചെയ്‌തു.