ഭീതി വേണ്ട: പ്രതിരോധ വക്താവ്
തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന കരസേനാ മുന്നറിയിപ്പിനെത്തുടർന്ന് കേരളത്തിലും അതീവജാഗ്രത പ്രഖ്യാപിച്ചു. ഓണാഘോഷത്തെ ബാധിക്കാത്ത തരത്തിൽ ശക്തമായ സുരക്ഷയും നിരീക്ഷണവും ഒരുക്കാൻ ജില്ലാ പൊലീസ് മേധാവികളോട് നിർദ്ദേശിച്ചതായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഓണാഘോഷത്തിനിടെ ആക്രമണത്തിന് തീവ്രവാദികൾ പദ്ധതിയിട്ടേക്കാമെന്ന വിവരത്തെ തുടർന്നാണ് അതീവജാഗ്രത. ഓണത്തിന് ജനങ്ങൾ കൂട്ടമായെത്തുന്നിടങ്ങളിലും ആഘോഷ വേദികളിലും സുരക്ഷ ഏർപ്പെടുത്തും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷയൊരുക്കും.
സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പരിലോ പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471- 2722500) അറിയിക്കണം.
അതേസമയം, കരസേനാ ദക്ഷിണ കമാൻഡ് പുതുതായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യാ സനൽ അറിയിച്ചു. പൂനെയിൽ നടന്ന ചടങ്ങിനിടെ പത്രലേഖകന്റെ ചോദ്യത്തിന് മറുപടിയായാണ് ലഫ്റ്റനന്റ് ജനറൽ എസ്.കെ. സൈനി നിലവിലുള്ള ഭീകരാക്രമണ മുന്നറിയിപ്പിനെക്കുറിച്ച് സൂചിപ്പിച്ചത്. പുതുതായി ഒരു ഭീഷണിയുമില്ല. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ധന്യാ സനൽ പറഞ്ഞു.
'' ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിശോധനകളുണ്ടാവില്ല. ആഘോഷങ്ങളെയും ബാധിക്കില്ല. എല്ലായിടത്തും പൊലീസിന്റെ അദൃശ്യ നിരീക്ഷണമുണ്ടാവും.''
ഡി.ജി.പി ലോക്നാഥ് ബെഹ്റ