ആറ്റിങ്ങൽ: ആറ്റിങ്ങലിലെയും പരിസരപ്രദേശങ്ങളിലെയും മൺപാത്ര നിർമാണ വിപണന തൊഴിലാളികളെ ഇക്കുറി ഓണവും കനിഞ്ഞില്ല. ഓണവില്പനയ്ക്കായി തമിഴ്നാട്ടിൽ നിന്നും എത്തിച്ച മൺപാത്രങ്ങൾ മാർക്കറ്റ് റോഡിലും എ.സി.എ.സി നഗർ റോഡിലും കുന്നുകൂടി കിടക്കുകയാണ്. ആറ്റിങ്ങൽ വേളാർകുടി പ്രദേശം ഒരു കാലത്ത് മൺപാത്ര ഉല്പാദന കേന്ദ്രമായിരുന്നു. പാചകത്തിനാവശ്യമായ വ്യത്യസ്തമായ പാത്രങ്ങൾ, പൂച്ചട്ടികൾ, പ്രദർശന വസ്തുക്കൾ, വിളക്കുകൾ, ആരാധനാചടങ്ങുകൾക്കാവശ്യമായ പാത്രങ്ങൾ എന്നിവയെല്ലാം ഒരുകാലത്ത് വേളാർക്കുടിയിൽ നിർമ്മിച്ചിരുന്നു. വേളാർ സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു മൺപാത്ര നിർമ്മാണം. വില്പന കുറയുകയും സാദ്ധ്യതകൾ അസ്തമിക്കുകയും ചെയ്തതോടെ ഇവിടത്തെ നിർമ്മാണം നിലച്ചു. വേളാർകുടി എന്ന സ്ഥലത്തിന്റെ പേര് തന്നെ പുനർനാമകരണം ചെയ്ത് എ.സി.എ.സി നഗർ എന്നാക്കി. ഇന്ന് എല്ലാത്തരം മൺപാത്രങ്ങളും ഓർഡർ അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേളാർക്കുടിയിലെത്തിച്ച് വിതരണം നടത്തുകയാണ്. അടുക്കളകളിൽ സ്റ്റീൽ പാത്രങ്ങളുടെ കടന്ന് കയറ്റത്തോടെ മൺപാത്രവിപണി നിർജീവമായി. എന്നാൽ ഓണത്തിന് നല്ല കച്ചവടമുണ്ടാകുമെന്നു കരുതിയാണ് മൺപാത്രങ്ങൾ നേരത്തേതന്നെ ശേഖരിച്ച് വില്പനയ്ക്കായി എത്തിച്ചത്. എന്നാൽ പ്രതീക്ഷിച്ച പ്രതികരണം നാട്ടുകാരിൽ നിന്നും ഉണ്ടായില്ല. നിലവിൽ മൺപാത്ര കച്ചവട രംഗത്തുള്ളവരെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ രംഗത്തെത്തിയവരാണ്. ഇന്ന് ഇവർക്ക് പ്രായമായതിനാൽ മറ്റൊരു തൊഴിലും ചെയ്യാനുമാകുന്നില്ല.