തിരുവനന്തപുരം: മോദീ സ്തുതിയുടെ പേരിൽ നേതൃത്വത്തിലെ ചിലരുമായി കൊമ്പ് കോർത്തതിന് പിന്നാലെ, ശശി തരൂർ എം.പിയുടെ പുതിയ പ്രതികരണവും സംസ്ഥാന കോൺഗ്രസിൽ പ്രതിഷേധസ്വരം ഉയർത്തുന്നു.
ആജീവനാന്തം ഒരു ജോലി കരുതിയല്ല കോൺഗ്രസിലേക്ക് താൻ വന്നതെന്ന് വാർത്താ ഏജൻസിയോട് തരൂർ പ്രതികരിച്ചത് സംസ്ഥാന കോൺഗ്രസിൽ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിലുള്ള അസ്വസ്ഥത കൊണ്ടാണെന്ന് ചിലർ പറയുന്നു..തരൂർ കോൺഗ്രസ്സിൽ നിന്ന് അകലുന്നതിന്റെ സൂചനയാണെന്ന വ്യാഖ്യാനങ്ങളുമുണ്ടായി. മോദീസ്തുതിയെ തുടർന്ന് കെ.പി.സി.സി തരൂരിനോട് വിശദീകരണം തേടുകയും വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിവാദം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടും കെ. മുരളീധരനുമായി അദ്ദേഹം വാക്പോര് തുടർന്നു. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റ അദ്ധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധതയും സെല്ലിന്റെ കഴിഞ്ഞ യോഗത്തിൽ അദ്ദേഹം പ്രകടിപ്പിച്ചു. . എന്നാൽ തരൂർ തൽക്കാലം തുടരണമെന്ന് സെൽ അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു.
തൽക്കാലം തുടരണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടത്. തരൂർ തുടർന്നാലും അത് തൽക്കാലത്തേക്കായിരിക്കും.
പി. ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ, തരൂരിനെതിരായ കേസുകളും മുറുകാനിടയുള്ളതിലെ അസ്വസ്ഥത അദ്ദേഹത്തിനുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ സംസാരമുണ്ട്. വിദേശത്തുള്ള തരൂർ ഇന്ന് രാത്രി ഡൽഹിയിൽ തിരിച്ചെത്തും.