തിരുവനന്തപുരം: പുതിയ മോട്ടർ വാഹന നിയമഭേദഗതി നടപ്പിലാക്കിയ ശേഷം സംസ്ഥാന സർക്കാരിന് പിഴ ഇനത്തിൽ ലഭിച്ചത് 66 ലക്ഷം രൂപ. നിയമം പ്രാബല്യത്തിൽ വന്ന ഒന്നു മുതൽ ആറു വരെയുള്ള കണക്കാണിത്. രണ്ടായിരത്തോളം നിയമലംഘനങ്ങളിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്. നോട്ടീസ് നൽകിയ പലരും തുക അടച്ചിട്ടില്ല. അതുംകൂടിയാകുമ്പോൾ പിഴത്തുക കൂടും.
കനത്ത പിഴ വന്നതോടെ നിയമലംഘനങ്ങൾ കുറഞ്ഞതായാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. സ്‌പീഡ് കാമറകളിൽ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് ധരിക്കുന്നവർ വർദ്ധിച്ചു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും സ്‌പീഡ് കാമറകളുള്ള സ്ഥലങ്ങളിലും പരിശോധനയുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും ആളുകൾ ജാഗ്രത പാലിച്ചു തുടങ്ങിയതായും ഉദ്യോഗസ്ഥർ പറയുന്നു.