കോവളം: അവധിക്കാലം തുടങ്ങിയതോടെ സഞ്ചാരികളെ വരവേൽക്കാൻ കോവളം തീരത്തെ ഹോട്ടലുകൾ പൂക്കളങ്ങളും പുലികളിയും ഊഞ്ഞാലുകളും ഓണസദ്യയുമൊക്കെയായി സജ്ജമായിക്കഴിഞ്ഞു. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടി.ഡി.പി.സി, കോവളം ജനകീയ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ കോവളം പാലസ് ജംഗ്ഷനിൽ ആഘോഷപരിപാടികൾക്ക് നാളെ തുടക്കമാകും. രാവിലെ 9 ന് പതാക ഉയർത്തൽ, 9.30 ന് അത്തപൂപ്രദർശനം. വ്യാഴാഴ്ച വൈകിട്ട് 6.30 ന് ഗാനമേള. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഏഴിലചക്രം നാടൻപാട്ടുകൾ. ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ നിസാബീബി അദ്ധ്യക്ഷത വഹിക്കും. സി.പി.എം. കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സതീഷ് കുമാർ, കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. മുജീബ് റഹ്മാൻ, പനമ്പള്ളി ദേവരാജൻ, എസ്. ശിവകുമാർ, ആഘോഷകമ്മിറ്റി കൺവീനർ കോവളം പി. സുകേശൻ, വൈസ് ചെയർമാൻ ആർ. ശ്രീകുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ പ്രേംഭാസ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ബസ്റ്റ് ഒഫ് കോമഡി സ്റ്റാർസ് മെഗാഷോ. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി 50 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്നും തീരത്തെത്തുന്ന സഞ്ചാരികൾ കർശനമായി ലൈഫ് ഗാർഡുമാരുടെ നിർദ്ദേശം അനുസരിക്കണമെന്നും കോവളം പൊലീസ് അറിയിച്ചു. സുരക്ഷാവേലികൾ മറികടന്ന് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.