തിരുവനന്തപുരം: ലാൻഡറിന് അവസാന നിമിഷം സംഭവിച്ച വളരെച്ചെറിയ പിഴവും ഇനി വരാതെയുള്ള പുതിയ ചാന്ദ്രയാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങുന്നു. ഇതിന്റെ പ്രോജക്ട് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടൻ സമർപ്പിക്കും. ഇതു സംബന്ധിച്ച നിർദ്ദേശം പ്രധാനമന്ത്രി നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലുടൻ ചന്ദ്രയാൻ -3 ദൗത്യത്തിന് തുടക്കമിടും. 2022ൽ ഗഗൻയാനിനു ശേഷം 2024ൽ ചന്ദ്രയാൻ - 3 ആയിരുന്നു പദ്ധതി. അതാണ് മാറ്റുന്നത്.
978 കോടി രൂപയാണ് ചന്ദ്രയാൻ 2ന് ചെലവായത്. അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ടെസ്റ്റിംഗ് സൗകര്യങ്ങൾ, നിർമ്മാണ സംവിധാനങ്ങൾ, വിദഗ്ദ്ധർ, സാങ്കേതിക സൗകര്യങ്ങൾ എന്നിവയെല്ലാം നിലവിലുണ്ട്. സോഫ്റ്റ് ലാൻഡിംഗിനായി ചന്ദ്രനെ തൊട്ടു തൊട്ടില്ലെന്ന നിലയിൽ (350 മീറ്റർ അടുത്ത്) ലാൻഡറിനെ എത്തിക്കാൻ കഴിഞ്ഞതും നേട്ടമാണ്. ഇതെല്ലാം വച്ച് അധികച്ചെലവില്ലാതെ പുതിയ ചാന്ദ്രദൗത്യത്തിനാണ് ഒരുക്കം.
പ്രതീക്ഷ ചന്ദ്രനോളം
പുതിയ ദൗത്യം ഉടൻ വിജയിപ്പിച്ച് കഴിവുതെളിയിക്കണമെന്നാണ് ബംഗളൂരുവിൽ നിന്ന് മടങ്ങും മുൻപ് പ്രധാനമന്ത്രി ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവനെ ഉപദേശിച്ചത്
2008 ഒക്ടോബറിലാണ് ഇന്ത്യ ഒന്നാം ചന്ദ്രയാൻ വിക്ഷേപിച്ചത്. 11 വർഷങ്ങൾക്ക് ശേഷമായിരുന്നു അടുത്തത്. വലിയ കാലദൈർഘ്യം തിരിച്ചടിയാണെന്ന നിഗമനവും പുതിയതിന് പിന്നിലുണ്ട്
1961 ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് അമേരിക്കയുടെ ചന്ദ്രദൗത്യം പ്രഖ്യാപിച്ചത്. പിന്നാലെ 1964ൽ സോഫ്റ്റ് ലാൻഡിംഗ് വിജയിക്കും വരെ 11 ദൗത്യങ്ങൾ തുടർച്ചയായി നടത്തി
1967 ജൂലായിൽ അമേരിക്കയുടെ സർവേയർ 4 ചന്ദ്രപ്രതലത്തിൽ ഇറങ്ങുന്നതിന് രണ്ട് മിനിട്ട് മുമ്പ് നിലത്തുവീണു. അതേവർഷം സെപ്തംബറിൽ സർവേയർ 5 സോഫ്റ്റ് ലാൻഡിംഗ് നടത്തി
1969ൽ ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. അടുത്ത ദൗത്യത്തിൽ റോവറിനെ ചന്ദ്രനിൽ നടത്തിച്ച് മനുഷ്യനെ എത്തിക്കുന്നതിന്റെ 'ട്രയൽ" നമ്മുടെ ലക്ഷ്യം
ലാൻഡർ പ്രതികരിച്ചില്ല
ശനിയാഴ്ച ചന്ദ്ര പ്രതലത്തിൽ ചരിഞ്ഞുവീണ ലാൻഡറുമായുള്ള വിനിമയബന്ധം പുനഃസ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒ മിഷൻ കൺട്രോൾ കേന്ദ്രത്തിന്റെ ശ്രമം വിജയിച്ചില്ല. ഒാർബിറ്ററിൽ നിന്ന് തുടർച്ചയായി കമാൻഡുകൾ നൽകി ലാൻഡറിനെ പ്രതികരിപ്പിക്കാനാണ് ശ്രമം. ചന്ദ്രനിലെ താപ വ്യതിയാനത്തിനനുസരിച്ച് ലാൻഡറിലെ ഏതെങ്കിലും ഉപകരണം പ്രതികരിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ലാൻഡറിലെ സോളാർ പാനലുകൾ നിഷ്ക്രിയമായെങ്കിലും ഇലക്ട്രിക് ബാറ്ററികളുണ്ട്. ഇതിലെ ഉൗർജ്ജം ഉപയോഗിച്ച് ലാൻഡറിനെ ഉണർത്താനാണ് ശ്രമം. ഇതിന് 'ഹാൻഡ്ഷേക്ക്" എന്നാണ് പറയുന്നത്. അടുത്ത രണ്ടു ദിവസം കൂടിയേ ഓർബിറ്ററിന് കമാൻഡ് നൽകാനാകൂ. അത് കഴിഞ്ഞാൽ ഒാർബിറ്ററിന്റെ ഭ്രമണപഥം മാറും. അതേസമയം, ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇസ്‌റോ വിദേശസഹായമൊന്നും സ്വീകരിക്കില്ല.