നിയമ ലംഘനം കണ്ടെത്താൻ ഉദ്യോഗസ്ഥന്മാർക്കെല്ലാം വല്ലാത്തൊരു കഴിവുണ്ടെന്നാണ് കോവളം ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരുടെ അനുഭവം. നിയമത്തിന്റെ ഇഴകീറി പരിശോധിച്ച് ലംഘനം കണ്ടെത്തി ഇങ്ങെത്തും. നിയമം നടപ്പിലാക്കിയാൽ കേട്ടാൽ പേടിച്ചു പോകുന്ന തരത്തിലുള്ള പ്രത്യാഘാതത്തെ പറ്റി സൂചന. അപ്പോഴേ മനസിലാക്കണം അത് എന്തിനുള്ള സൂചനയാണെന്ന്. അത് ലഭിച്ചു കഴിഞ്ഞും നിയമം ചുരുട്ടി പോക്കറ്റിലിട്ട് അധികൃതർ വന്ന വഴി മടങ്ങും.
കോവളത്ത് വിദേശ സഞ്ചാരികളെത്തിയാലും ഇല്ലെങ്കിലും ഇവിടെ ചാകരക്കൊയ്ത്തിനുള്ള സ്ഥലമായി കാണുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരുണ്ട്. അതിൽ പ്രധാനപ്പെട്ടവർ തദ്ദേശസ്വയംഭരണ വകുപ്പിലുള്ളവരാണ്. പിന്നെ പൊലീസ്, റവന്യൂ, എക്സൈസ് ഉദ്യോഗസ്ഥരും. കോവളം ടൂറിസം മേഖല നേരത്തെ പൂർണമായും ഗ്രാമപഞ്ചായത്തുകളായിരുന്നു. നഗരസഭയുടെ ഭാഗമായിട്ട് ഒൻപത് വർഷമേ ആയിട്ടുള്ളൂ. നിർമ്മാണ പ്രവർത്തനങ്ങൾ നിയമം പാലിച്ചായാലും അല്ലെങ്കിലും ഉദ്യോഗസ്ഥർ കണ്ടെത്തുന്നത് അനധികൃതം എന്നായിരിക്കും. അത് ക്രമപ്പെടുത്താൻ വേണ്ടി ഉടമ സമീപിക്കുമ്പോൾ ആവശ്യപ്പെടുന്നത് നല്ലൊരു തുകയായിരിക്കും. ശല്യം ഒഴിവാക്കാമെന്നു കരുതി അതിനു സമ്മതിക്കും. ഇങ്ങനെ ലക്ഷങ്ങൾ ഇവിടെ നിന്നും കൊണ്ടുപോയവരുണ്ടത്രേ. എല്ലാം ശരിയായി എന്നു സമാധാനിച്ചിരിക്കുമ്പോഴായിരിക്കും. അടുത്ത ഉദ്യോഗസ്ഥർ ഇണ്ടാസുമായി വരുന്നത്. ഒന്നുകിൽ ആദ്യത്തെ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയിട്ടുണ്ടാകും. അല്ലെങ്കിൽ വിരമിച്ചിട്ടുണ്ടാകും. ഇവിടെയുളളവർക്ക് പണച്ചെലവ് കൂടുന്ന വഴി ഇതാണ്. ഇതുകാരണം സ്വന്തം കെട്ടിടം ആർക്കെങ്കിലും വാടയ്ക്ക് കൊടുത്തിട്ട് മാറിനിൽക്കുകയാണ് പലരും ചെയ്യുന്നത്. പഞ്ചായത്ത് മാറി നഗരസഭ ഭരണം വന്നതോടെ അധികാരികളായ ഉദ്യോഗസ്ഥരുടെ എണ്ണം കൂടി.
കോവളം പൊലീസ് സ്റ്റേഷനിൽ ജോലി കിട്ടാൻ തന്നെ പ്രത്യക ശുപാർശ വേണമെന്നത് വലിയ രഹസ്യമൊന്നുമല്ല. എന്തിനാണ് ആ ശുപാർശ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയക്കാരുടേയും പ്രധാന പിരിവുകേന്ദ്രമാണ് കോവളം. പക്ഷെ, ഇവിടെ തന്നെയുള്ള ചില പേരുകേട്ട വൻകിട ഹോട്ടലുകളിലേക്ക് ഇവർക്കൊന്നും അത്രപെട്ടെന്ന് കയറിപോകാനും സാധിക്കില്ല.
വികസന വെളിച്ചം എപ്പോൾ തെളിയും?
ഓണം കഴിഞ്ഞാൽ കോവളത്ത് സീസൺ ആരംഭിക്കും. വിദേശ സഞ്ചാരികൾ വന്നു തുടങ്ങും. ഓണാഘോഷത്തിനായും സഞ്ചാരികൾ ധാരാളമായി എത്തിയിരുന്നതാണ്. എന്നാൽ ഇത്തവണ സഞ്ചാരികൾ വളരെ കുറവ്. വരുന്നവർ തന്നെ അധികനാൾ തങ്ങാതെ സ്ഥലം വിടുകയാണ്. ആകെ ഇരുട്ടടഞ്ഞു കിടക്കുകയാണ് തീരം. ടൂറിസം വകുപ്പ് സ്ഥാപിച്ച തെരവുവിളക്കു പോലും കത്തുന്നില്ല.കുറച്ചു നാൾ മുമ്പ് ഹൗവ്വാ ബീച്ചിൽ ഒരു ഹൈമാസ്ക് ലൈറ്റ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ ലൈറ്റെല്ലാം ഒടിഞ്ഞിളകി തൂങ്ങികിടക്കുകയാണ്.
രാജഭരണകാലത്ത് നിർമ്മിച്ച നീന്തൽകുളവും കുളപ്പുരയും സംരക്ഷിച്ച് ഒരു ഉദ്യാനം ടൂറിസം വകുപ്പ് പണിതിരുന്നു. ഇപ്പോൾ അവിടം ആകെ കാടു പിടിച്ചു കിടക്കുകയാണ്. സമീപത്തെ ടൂറിസംവകുപ്പിന്റെ ഓഫീസ് പരിസരവും പോസ്റ്റ് ഓഫീസ് പരിസരവും കിടക്കുന്നത് ഒരു അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിന് യോജിച്ച രീതിയിലല്ല.
കോവളത്തിന്റെ വികസനത്തിന് പ്രത്യേക പരിഗണന വേണമെന്ന് സംസ്ഥാന ടൂറിസം വകുപ്പിന് അറിയാം. എന്നാലും അതു നൽകാറില്ല. മാറി മാറി വരുന്ന സർക്കാരുകളൊക്കെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് കുറവുമില്ല. ബീച്ച് റോഡ് പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ചിട്ട ശേഷം അറ്റക്കുറ്റപണി ചെയ്തിട്ടില്ല. ഇന്റർലോക്കിട്ടിരുന്ന നടപ്പാത കുത്തിപ്പൊളിച്ചത് ശരിയാക്കാൻ പോലും നേരമില്ല.
ഇപ്പോഴും തീരത്തെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനോ വസ്ത്രം മാറുന്നതിനോ മതിയായ സംവിധാനമില്ല. നിലവിലെ പാർക്കിംഗ് ഏരിയാ പൂർണമായും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചതോടെ അവിടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ടൂറിസം വകുപ്പ്.
പ്രതീക്ഷ കൈവിടാതെ
ഇപ്പോഴും കോവളത്തെ ടൂറിസം രംഗത്തുള്ളവർക്ക് സർക്കാരിൽ പ്രതീക്ഷയുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളിലൊന്നെന്നെന്ന പരിഗണന നൽകി കോവളത്തു കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ബീച്ച് ടൂറിസത്തിന്റെ അന്താരാഷ്ട്ര മാതൃകകളാണു കോവളത്തു നടപ്പാക്കാനൊരുങ്ങുന്നത്.
സമുദ്ര ബീച്ചിലും ഗ്രോവ് ബീച്ചിലുമാണ് ആദ്യ ഘട്ട നവീകരണം നടത്തുന്നത്. 9 മേഖലകളിലാണു നിർമ്മാണം നടത്തുന്നത്. 18 ലക്ഷം രൂപ ചെലവിൽ മനോഹരമായ സ്വാഗത കവാടം രൂപകൽപന ചെയ്തിട്ടുണ്ട്. പ്രവേശന കവാടം മുതൽ കടൽത്തീരം വരെ നീളുന്ന കല്ലുപാകിയ പാതയിൽ കൽമണ്ഡപങ്ങൾ നിർമിക്കും. കൽമണ്ഡപങ്ങളുടെ ചുമരിൽ കേരളത്തിന്റെ പാരമ്പര്യകലകളെ സൂചിപ്പിക്കുന്ന ചുമർചിത്രങ്ങൾ വരയ്ക്കും- ഇതൊക്കെയാണ് പദ്ധതി. അന്താരാഷ്ട്ര ടൂറിസത്തിന് തുടക്കമിട്ട സ്ഥലമാണ് കോവളം. പൊന്മുട്ടയിടുന്ന താറാവാണ് ടൂറിസം കൊല്ലരുത്!
(അവസാനിച്ചു.)