ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് ആർ.എസ്.എസ് മാതൃകയിൽ പാർട്ടിയെ പുന:സംഘടിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. സെപ്തംബർ മൂന്നിന് ചേർന്ന ജനറൽ സെക്രട്ടറിമാരുടെ പരിശീലന പരിപാടിയിലാണ് ഇതുസംബന്ധിച്ച ചർച്ച തുടങ്ങിയത്. നേരത്തെ കോൺഗ്രസിനെ രക്ഷിക്കാൻ ആർ.എസ്. എസ് മാതൃകയിലുള്ള സംഘടനാ സംവിധാനം കൊണ്ടുവരണമെന്ന് മുൻ ആസാം മുഖ്യമന്ത്രി തരുൺഗൊഗോയ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടുതൽ വിശദമായി ചർച്ച ചെയ്യാൻ പി.സി.സി അദ്ധ്യക്ഷന്മാരുടെയും സംസ്ഥാന നിയമസഭാ കക്ഷിനേതാക്കളുടെയും യോഗം 12ന് ഡൽഹിയിൽ ചേരും.
കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളോടെ ഇന്നത്തെ നിലയിലുള്ള സംഘടനാ സംവിധാനം കൊണ്ട് പാർട്ടിക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് നേതൃത്വത്തിന് ബോദ്ധ്യമായിട്ടുണ്ട്. ആകെയുള്ള 542 ലോക്സഭാ സീറ്രിൽ 2014ൽ 44 സീറ്റ് മാത്രംകിട്ടിയ കോൺഗ്രസിന് ഇത്തവണ അത് 52ലെത്തിക്കാനേ കഴിഞ്ഞുള്ളു. തുടർച്ചയായ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്രെടുത്ത് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അമേത്തിയിലെ കോൺഗ്രസിന്റെ പരമ്പരാഗത സീറ്റിൽ രാഹുൽ പരാജയമറിഞ്ഞു. ഇനി സംഘടന മെച്ചപ്പെടുത്തിയാലെ രക്ഷയുള്ളു എന്ന് എല്ലാവർക്കും ബോദ്ധ്യമായി.
എതിരാളിയായ ബി.ജെ.പിയാകട്ടെ ജയിച്ചുവരുന്നത് സ്വന്തം പാർട്ടിയുടെ സംഘടനാ സംവിധാനംകൊണ്ടുമാത്രമല്ല ആർ.എസ്. എസ് തുടങ്ങിയ നിരവധി പരിവാർ സംഘടനകളുടെ ശക്തിയിലാണെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. അതുകൊണ്ടുതന്നെ ആർ.എസ്.എസ് മാതൃകയിൽ മുഴുവൻ സമയ പ്രചാരകന്മാരുടെ ഒരു നിരയുണ്ടാക്കാനാണ് ശ്രമം. പ്രേരക് എന്നപേരിൽ ആയിരിക്കും ഇവർ അറിയപ്പെടുക. പാർട്ടിയുടെ ആശയത്തിലും ആദർശങ്ങളിലും നല്ല അവഗാഹം ഉള്ളവരായിരിക്കണം ഇവർ. ഇതിനായി ആർ.എസ്.എസിന്റെ ഐ.ടി.സി , ഒ.ടി.സി ട്രെയിനിംഗ് മാതൃകയിൽ പ്രേരക്മാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം നൽകും. നാലോ അഞ്ചോ ജില്ലകൾക്ക് ഒരു പ്രേരക് എന്ന നിലയിൽ ഒരു സംസ്ഥാനത്ത് നാലോ അഞ്ചോ പ്രേരക്മാരെ നിയമിക്കും.
പ്രാദേശിക പ്രശ്നങ്ങൾ ഏറ്റെടുക്കാനും നേതാക്കളോട് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാന ഘടകങ്ങളോടും ഉടൻ തന്നെ പ്രേരക്മാരുടെ ലിസ്റ്റ് തയ്യാറാക്കി അയയ്ക്കാൻ നിർദ്ദേശിച്ചു. നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം ഏറ്റെടുത്ത് നടത്താനും കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പാർട്ടി പ്രവർത്തകർക്ക് ബ്ലോക്ക് തലത്തിൽ പരിശീലനവും നൽകും.