ഹിമാലയത്തിലെ യതിയെപ്പറ്റി കേട്ടിട്ടില്ലേ. അതുപോലെ സ്കോട്ടിഷ് നാടോടി കഥകളിലെ നിഗൂഢ ജീവിയാണ് ലോക് നെസ് മോൺസ്റ്റർ. ലോക് നെസ് എന്ന തടാകത്തിലാണ് നെസി എന്ന് വിളിപ്പേരുള്ള ഈ ജീവി വസിക്കുന്നത്. തടാകത്തിന്റെ അടിത്തട്ടിലെവിടെയോ കഴിയുന്ന ഈ ഭീമനെ പലരും കണ്ടിട്ടുള്ളതായി വാദിക്കുന്നു.
1933ൽ ഹ്യൂഗ് ഗ്രെ എന്നയാൾ നെസിയുടേതെന്ന് അവകാശപ്പെട്ട ഒരു ചിത്രം പകർത്തിയിരുന്നു. അന്ന് ഒട്ടുമിക്ക മാദ്ധ്യമങ്ങളും അത് വാർത്തയാക്കി. നെസിയുടേതെന്ന് കരുതുന്ന ഒരു ജീവി തടാകത്തിലൂടെ നീങ്ങുന്നതിന്റെ വീഡിയോ 1960ൽ ടിം ഡിൻസ്ഡെയ്ൽ എന്ന എയ്റോനോട്ടിക്കൽ എൻജിനീയർ ഷൂട്ട് ചെയ്‌തിരുന്നു. നെസിയുടെ രഹസ്യം തേടിയിറങ്ങിയ പലരും ഭീകര ജീവിയെ കണ്ടതായി വാദിച്ചു. ഫോട്ടോകളും തെളിവായി കാണിച്ചെങ്കിലും ഗവേഷകർ അത് തട്ടിപ്പാണെന്ന് വാദിച്ചു.
ഒടുവിൽ സ്കോട്ടിഷ് ഭരണകൂടം നെസിയുടെ ചുരുളഴിക്കാൻ തീരുമാനിച്ചു. സോണാർ സ്‌കാനറുകളും കാമറയും ഉപയോഗിച്ച് നിരീക്ഷണം നടത്തി. തടാകത്തിന്റെ അടിത്തട്ടിൽ സാമാന്യം വലിപ്പം കൂടിയ ചലിക്കുന്ന വസ്‌തുക്കൾ ഉണ്ടെന്ന് മനസിലാക്കി. എന്നാൽ, എന്തോ ഒന്ന് തടാകത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന സൂചനയാണ് അവർക്കും ലഭിച്ചത്. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സ്കോട്ടിഷ്, ഐറിഷ് ഗ്രന്ഥങ്ങളിൽ ലോക് നെസ് തടാകത്തിൽ ഭീകര ജീവിയെപ്പറ്റി പരാമർശം ഉണ്ട്.
ഏകദേശം ആറടിയോളം നീണ്ട കഴുത്തോടുകൂടിയ നെസിയ്‌ക്ക് പാമ്പ്, ഡ്രാഗൺ എന്നിവയുമായി സാമ്യമുണ്ടെന്നാണ് പ്രചരിക്കുന്ന ഒരു കഥ. ഒട്ടകം, കുതിര എന്നിവയുടേതിന് സമാനമായ തലയും പാമ്പിന്റെ ശരീരവുമാണെത്രെ നെസിയ്‌ക്ക്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന ഭീമൻ ജലജീവികളുമായി നെസിയെ താരതമ്യപ്പെടുത്തുന്നുണ്ട്. തടാകത്തിൽ നിന്നും ശേഖരിച്ച ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിൽ നെസി ഒരു ഭീമൻ ഈൽ ആകാമെന്ന് അടുത്തിടെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നു. എന്നാൽ, തടാകത്തിലെ ഈൽ സാന്നിദ്ധ്യമാകാം ഇത്തരം ഒരു വാദമുന്നയിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതെന്ന് മറ്റ് ചിലർ വാദിക്കുന്നു. നെസിയെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരുകയാണ്.