ബ്രസീലിയ: പടുകൂറ്റൻ അനാക്കൊണ്ടയും മുതലയും തമ്മിലുള്ള കിടിൻ ഫൈറ്റിന്റെ വീഡിയോ സൂപ്പർഹിറ്റ്. അമേരിക്കയിലെ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ കെവിൻ ഡ്യൂലേ ആമസോൺ വനത്തിൽ നിന്ന് പകർത്തിയ ദൃശ്യം ആയിരങ്ങളാണ് ഇതിനകം കണ്ടത്. ഫൈറ്റിനൊടുവിൽ മുതലയെ അനാക്കൊണ്ട കാലപുരിക്കയച്ചു.
കാട്ടിനുള്ളിലെ ജലായത്തിലൂടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു കെവിൻ. അപ്പോഴാണ് അല്പമകലെയായി വെള്ളം ശക്തമായി ഇളകുന്നത് കണ്ടത്. അനാക്കൊണ്ടകളായിരിക്കും എന്നാണ് കരുതിയത്. അതിനാൽ ബോട്ടിന്റെ വേഗത കുറച്ചു. വെള്ളം ഇളകുന്നതിന് കഷ്ടിച്ച് മുപ്പതടി ദൂരത്തെത്തി. മുതലയും അനാക്കൊണ്ടയും തമ്മിലുള്ള ഫൈറ്റാണെന്ന് അപ്പോഴാണ് പിടികിട്ടിയത്. ഒരുനിമിഷം പോലും നഷ്ടപ്പെടുത്താതെ കെവിൻ ദൃശ്യങ്ങൾ മുഴുവൻ കാമറയിലാക്കി. അനാക്കൊണ്ടയ്ക്ക് ഇരുപത്തെട്ടടിയിലേറെ നീളമുണ്ടായിരുന്നു. ആറടിയിലേറെ നീളമുള്ളതായിരുന്നു മുതല.
തുടക്കത്തിൽ മേൽക്കൈ മുതലയ്ക്കായിരുന്നു. അനാക്കൊണ്ടയുടെ കഴുത്തിൽ പിടിത്തമിട്ട മുതല അതിനെ കടിച്ചുകുടഞ്ഞു. ജലായശത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ടുപോകാനും ശ്രമിച്ചു. പക്ഷേ, അല്പം കഴിഞ്ഞപ്പോൾ കാര്യങ്ങൾ ആകെ മാറി. മുതലയെ അനാക്കൊണ്ട കീഴ്പ്പെടുത്തുന്ന അവസ്ഥയിലായി കാര്യങ്ങൾ. മുതലയെ വരിഞ്ഞുമുറുക്കി. അതോടെ അതിന് അനങ്ങാൻ പോലുമാകാത്ത അവസ്ഥയിലായി. കിട്ടിയ അവസരം നന്നായി വിനിയോഗിച്ച അനാക്കൊണ്ട മുതലയുടെ കാലുകൾ തകർത്തു. വീണ്ടും സർവശക്തിയുമെടുത്ത് വരിഞ്ഞുമുറുക്കിയതോടെ മുതലയുടെ കഥകഴിഞ്ഞു. ഇതിനെല്ലാത്തിനുംകൂടി വേണ്ടിവന്നത് വെറും എട്ടുമിനിട്ട് മാത്രം .അപൂർവമായ വീഡിയോ പോസ്റ്റുചെയ്ത കെവിന് അഭിനന്ദന പ്രവാഹമാണ്.